2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച


  • "പാബ്ലോ നെരുദക്ക് ഒരു മറുഗീതം"

    ചുരം കടന്നും ചോരയുടെ മണം
    എത്തിയ ഒരു സന്ധ്യയില്‍ വീണ്ടുമൊരു
    സ്നേഹ കവിത എഴുതവെ,ചോദ്യമുയര്‍ന്നു

    എന്തുകൊണ്ട് ഗര്‍ഭിണിയുടെ അടിവയറില്‍
    കത്തിമുന കീറിമുറിച്ചു കയറുമ്പോഴും
    പകലിന്റെ സാക്ഷ്യത്തില്‍ തന്നെ
    പെണ്ണ് മാനത്തിനായ് പിടയുമ്പോഴും
    അനുഗ്രഹത്തിന്റെ കച്ചവടക്കാര്‍
    മനുഷ്യരക്തവും മാംസവും വില്ക്കുമ്പോഴും
    ചുവന്ന തെരുവുകളില്‍ നിന്നും
    അരാജകത്വത്തിന്റെ കാമം ജ്വലിക്കുമ്പോഴും
    മനുഷ്യനിര്‍മ്മിത അതിര്‍ത്തികള്‍ക്കിരുപുറം
    വെടിയുണ്ടകള്‍ നിര്‍ലോഭം ചലിക്കുമ്പോഴും

    നീയെന്തുകൊണ്ട് പറഞ്ഞു തേഞ്ഞു പഴകി മടുത്ത
    വിഷയം തന്നെ വീണ്ടുമെഴുതുന്നു ??
    കവി മനുഷ്യസ്നേഹിയാനെന്നിരിക്കെ നീ
    ആ വര്‍ഗ്ഗത്തെയാകെ അപമാനിക്കുന്നു

    അപ്പോഴും,ശ്വാസം കിട്ടാതെ നദിയില്‍നിന്നും
    മീനുകള്‍ ചത്തുപോങ്ങുന്നുണ്ടായിരുന്നു
    കിനാവ്‌ കാണാന്‍ മറന്ന ഒരു ജനത
    കൂടാരങ്ങളില്‍ വിയര്‍ത്തുറങ്ങുന്നുണ്ടായിരുന്നു
    ജനനമേല്പ്പിച്ച പേരുകള്‍ പേറിയവര്‍
    അതിനാല്‍ മുറിവേറ്റുകൊണ്ടിരുന്നിരുന്നു

    നിങ്ങള്‍ വീണ്ടും ചോദിക്കുന്നു
    എന്തുകൊണ്ട് കവിയെന്നു അവകാശപ്പെടുന്ന
    നിങ്ങള്‍ സമൂഹം ഇത്ര കലുഷിതമാകുമ്പോഴും
    പ്രേമത്തെപ്പറ്റി മാത്രം എഴുതുന്നു

    അമ്മയെന്നു വിളിക്കുന്ന അക്ഷരം പഠിക്കുന്നത്
    സംസ്കാരശൂന്യമെന്ന് പറയുന്ന
    വെള്ളക്കാരന്റെ എച്ചില്‍ ഇന്നും
    ആചാര്യ മര്യാദയോടെ തിന്നുന്ന
    ഓരോ അപകട വാര്‍ത്തയും
    ഓരോ ദുരന്തങ്ങളും കാണവേ
    ഒരിറ്റു സഹതാപം കൊടുക്കാതെ
    തീന്‍മേശയില്‍ അടയിരിക്കുന്ന
    കാമറ കണ്ണുകള്‍ പെണ്ണിന്റെ
    മാനത്തിലേക്ക്‌ ചൂഴുന്ന
    സ്വാര്‍ത്ഥന്‍ സാമ്രാജ്യങ്ങള്‍ നേടുന്ന
    കച്ചവടക്കാരന്റെ കൈകളില്‍
    നിയമങ്ങള്‍ സുസ്ഥിരമാകുന്ന
    അധികാര വാതിലുകള്‍
    നോട്ടുകള്‍ക്ക് മുന്നില്‍ തുറക്കുന്ന
    രാഷ്ട്രീയമെന്നാല്‍ അറിയില്ലെന്ന്
    പറഞ്ഞൊഴിഞ്ഞു,സ്വയം അടിമയാകുന്ന
    അരാഷ്ട്രീയതയുടെ വസ്ത്രങ്ങള്‍
    അഭിമാനത്തോടെ അണിയുന്ന
    ജാതിബോധത്തിറെ നിറങ്ങള്‍
    സ്വത്വത്തെയുണര്‍ത്തുന്ന
    മനുഷ്യ ജന്തുക്കള്‍ വസിക്കുന്ന
    ഇവിടെയീ നാട്ടില്‍
    സ്നേഹത്തെക്കുറിച്ചല്ലാതെ
    കവിയിനി എന്തെഴുതുവാന്‍

    ഗലികളില്‍,പട്ടിണിയുടെ തീരങ്ങളില്‍
    തെരുവുകളില്‍,നിരായുധരായ
    നിരാശ്രയരായ ജനസമൂഹങ്ങള്‍
    ചെറുപിണക്കങ്ങളും,സ്നേഹവും
    ജനിക്കുന്നത് കാട്ടുന്ന
    പണം തെരുവുതെണ്ടിയെന്നു വിളിക്കുന്ന
    കുട്ടികള്‍ മഴയില്‍ ഉന്മാദത്തിന്റെ
    നൃത്തം കളിച്ചു മദിക്കുന്ന
    ഒന്നുമില്ലാത്ത മനുഷ്യരെന്നവര്‍ഗ്ഗത്തിനു
    സ്നേഹത്തെകുറിച്ചല്ലാതെ എന്ത് കേള്‍ക്കുവാന്‍

    ആഹാരം തന്നെ സ്വപ്നമായവന്
    തേക്കുകട്ടിലില്‍ മലര്‍ന്നുകിടന്നു
    സമൂഹജീര്‍ന്നതയെപ്പറ്റി പുലമ്പുന്ന
    കപടവാദികളുടെ നട്ടെല്ലിനു
    കാലം കൊടുക്കന്ന തേയ്മാനം
    കേള്‍ക്കുവാന്‍ എവിടെ നേരം

    സംതൃപ്തിയുടെ കരയിലിരുന്നു
    പണം,കടം,അസുഖങ്ങള്‍,നേര്‍ക്കുന്ന ബന്ധങ്ങള്‍
    ഇവക്കുമുകളില്‍ ചടഞ്ഞിരുന്നു
    നിങ്ങളെന്നെ ചോദ്യം ചെയ്യവേ
    ഞാന്‍ വിളിക്കയാണ് നിങ്ങളെ

    വരൂ,ഈ തെരുവുകളിലെ സ്നേഹം കാണു
    വരൂ,കാണു
    ഈ തെരുവുകളിലെ സ്നേഹം
    വരൂ,സ്നേഹം കാണു
    ഈ തെരുവുകളിലെ സ്നേഹം

    നവനീത് ജോസ്