2016, നവംബർ 10, വ്യാഴാഴ്‌ച




                             വലിയ ലോകങ്ങള്‍



കണ്ണാടിയിലേക്ക് നോക്കി,തെളിഞ്ഞു കണ്ട പൌഡര്‍ കൈകൊണ്ട്  തൂത്ത് കളഞ്ഞ് അവന്‍ അവനെ തന്നെ ഒന്നൂടെ കണ്ടു,കൊള്ളാം,അമ്മ എപ്പോഴും  പൌഡര്‍ ഇട്ടാലും ഇങ്ങനെയേ ഇടു, അവന്‍ വിളിച്ചു പറഞ്ഞുകൊണ്ട്  മുഖം ഒന്നുകൂടെ തുടച്ചു,കറുത്ത  മണ്ണില്‍ മഞ്ഞു  പടര്‍ന്നു കിടക്കും  പോലെ അവന്റെ മുഖത്ത് ഒരു  ദിവസം  തുടങ്ങുന്നതിന്റെ തെളിമ ഉണ്ടായിരുന്നു, വെളിയില്‍ ഒരു ഹോണ്‍ മുഴങ്ങി,അമ്മേ,ബസ്‌ വന്നു,ഞാന്‍ പോകുവാ,അവനിറങ്ങുമ്പോള്‍,പിറകെ ഓടിവന്ന്‍  അമ്മ,അവന്റെ ബാഗില്‍ ചോറ്റുപാത്രം  ഇട്ടുകൊടുക്കുകയും,സാരിത്തുമ്പ്കൊണ്ട് മുഖം തുടക്കുകയം ചെയ്തു,ഇനി വേണം അവര്‍ക്ക് പോകാനുള്ളത്  ശരിയാക്കാന്‍,അവന്‍ വാതിലിനടുത്തേക്കെത്തുമ്പോള്‍ രവിമാമന്‍ വരുന്നത് കണ്ടു,തെല്ലു ഭയത്തോടെയും സന്തോഷത്തോടെയും  അവന്‍ അയാളെ നോക്കി ചെറുതായോന്ന്‍ ചിരിച് അവന്റെ സ്കൂള്‍  ബാസ്സിലെക്കോടി,അയാളും ഒരു ചിരി തിരിച്ചു കൊടുത്തു .രവിയുടെ  നരവീണ  താടിയും,വെട്ടിയോതുക്കിയ മുടിയും  അവന്റെ മനസ്സില്‍ കടുത്തു നിന്നു, വാതിലില്‍ നിന്നും രണ്ടു സീറ്റ് പിന്നോലോട്ടാണ് അവനിരിക്കുന്നത്,ആദിലിന്റെ  വീടെത്തും  വരെ അവനടുത്ത് ആരും ഇരിക്കാറില്ല,ആദിലാണ് ബസിലെ അവസാന സീറ്റുകാരന്‍,അതോടെ ബസ് നിറയും,തടിയനായ ആദില്‍ അപ്പോഴേക്കും വിയര്‍ത്തിട്ടുണ്ടാകും,കാറ്റിലെവിടെക്കെയോ ആ മണം  അടുത്ത്  ഒതുങ്ങി ഇരിക്കുന്ന അവനറിയും, "Old MacDonald  had a farm ,Iyyaa Iyyaa Ooo"  എല്ലാരും ബസ്സില്‍ ഒരുമിച്ച് പാടുകയാണ് ,അവനും കൂടെപ്പാടി, ഇടയിലെപ്പോഴോ രവിമാമന്റെ മുഖം പിന്നെയും  ഓര്‍മ്മ വന്നു, രവിമാമനു പ്രാന്താന്നാ എല്ലാരും പറയണെ, എപ്പോഴും ചിരിക്കുന്ന രവിമാമന്‍,ചിരിക്കാത്ത  രവിമാമനെ അവന്‍ അങ്ങനെ  കണ്ടിട്ടേ ഇല്ല,പക്ഷെ പിന്നെ ചിലപ്പോ സംസാരിക്കുമ്പോ വല്ലാത്തൊരു ശാന്തതയും, രവിമാമാനു പ്രാന്താണ്, അമ്മ പറയണ കേട്ടു, രവി മാമന്‍ പറഞ്ഞത്  അവനും കേട്ടിരുന്നു, ചേച്ചിയെ കാണാന്‍ ആരോ വരുന്നും ബഹളം ഒന്നും ഉണ്ടാക്കരുതെന്നും  അമ്മ അവനോടു പറഞ്ഞിരുന്നു, രവിമാമനോടും അമ്മ അത് തന്നെ പറയുന്നത് കേട്ടു, ചിരി തന്നെ മറുപടി.പക്ഷെ ഒരാള്‍ മാത്രല്ല വന്നത്,അവര്‍ മൂന്നാലു പേര്‍ ഉണ്ടായിരന്നു, രവിമാമന്‍ അവരെ സ്വീകരിച്  അകത്തിരുത്തുകയും പിന്നെ അവരടെ കൂടെ ഇരിക്കേം ചെയ്തു,കുറെ നേരം മിണ്ടീതെ ഇല്ല,പിന്നെ അവര്‍ ആരൊക്കെയോ സംസാരിച്ചോണ്ടിക്കുന്നെന്റെ ഇടയില്‍ കയറി എല്ലാരടേം പേരൊക്കെ ചോദിച്ചു, പിന്നെ അവനു മനസ്സിലാകാത്ത എന്തൊക്കെയോ പറയാനും തുടങ്ങി,അവനു മിക്കതും മനസ്സിലായില്ല, പക്ഷെ അമ്മയുടെ മുഖം  ചുമക്കുന്നത് അവന്‍ കണ്ടു, രവി മാമന്‍ പറയുന്നത് അവന്‍ വീണ്ടും ശ്രദ്ധിക്കാന്‍  തുടങ്ങി, "ഏറ്റോം വല്യ ഫിലോസഫിക്കല്‍ ചോദ്യം എന്താന്നരിയ്വോ? " ഫിലോസഫിക്കല്‍  എന്നതെന്താന്ന്‍ അവനു മനസ്സിലായില്ല,"ഒഴിഞ്ഞ ബസ്സില്‍ ഏതു സീറ്റില്‍ ഇരിക്കണമെന്ന്" എല്ലാരും മുഖത്തോടു മുഖം നോക്കി, അതെന്താന്നരിയ്വോ? രവി തുടര്‍ന്നു  മുന്നിലെ മിക്ക സീറ്റും പെണ്ണുങ്ങള്‍ക്കുള്ളതാ,രവി ആണായിട്ട് മാത്രമാണ് അവിടെ സംസാരിച്ചത്,മുന്നിലെ ഇടതു വശത്തോ, ഏതേലും പ്രായമുള്ള സ്ത്രീകളോ,കുഞ്ഞ്ങ്ങളുമായി ആരെലം വന്നാലോ എണീറ്റ് കൊടുക്കണം,അതിനും മുന്നിലെ ഒറ്റ സീറ്റ്‌ കടുത്ത എകാന്തതുയെടെതാണ്, മാത്രമല്ല, ആ വണ്ടി ഓടിക്കുന്നത് കണ്ടിട്ട് തന്നെ ചിലപ്പോ പേടി ആകും,ഏറ്റോം ബാക്കിലേക്ക്‌ പോയ, എന്തൊരു കുലുക്കമാ,പിന്നാകെ ഉള്ളത് നടുക്കത്തെ  കുറച്ച്  സീറ്റുകള്‍ മാത്രാ,അവ്ടിരുന്നാ പിന്നെ ബസില്‍  തിരക്ക് കൂടിയാലോ,പിന്നിറങ്ങാന്‍ പാട്,അതുമല്ല  ഏതു വശത്താ വെയില് വരികയെന്ന്‍ പറയാനും പറ്റില്ല, അങ്ങനെ എവടെ നോക്കിയാലും മറ്റൊരു വശം,ചിലപ്പോ ചിന്തയുടെയും ചിലപ്പോ അനുഭവങ്ങളുടെയും  ഓര്‍ വശം ഒരോ സീറ്റിനും ഒണ്ട്,ഇല്ലേ ?സ്പുടമായി പറഞ്ഞോണ്ടിരുന്ന അയാള്‍ തെല്ലു സംശയത്തോടെ ചോദിച്ചു. എല്ലാരും പിന്നേം അങ്ങോട്ടും ഇങ്ങോട്ടും നോക്കി,അമ്മയുടെ  ചുണ്ട്  വിറക്കുന്നുണ്ടായിരുന്നു.എല്ലാരും പോയി,അമ്മ പിന്നൊന്നും മിണ്ടിയില്ല,മുടിയാനായിട്ട് ,പിന്നെപ്പോഴോ അമ്മ പിറുപിറുക്കുന്നത് കേട്ടു, രവി മാമന്‍ എവ്ടോ പിന്നെ ഇറങ്ങി പോയി. ഈ ബസ്സില്‍ ഇരിക്ക്ന്നത് ഇത്ര വല്യ പ്രശ്നാണോ,അവന്‍ ചിന്തിച്ചു, എന്റെ ബസില്‍ അങ്ങനൊന്നും ഇല്ലാലോ,എല്ലാര്‍ക്കം സ്ഥിരം സീറ്റ് ആ, ഒരു പ്രശ്നോം ഇല്ല,ആര് കേറിയാലും ആരും എണീക്കാറം ഇല്ല, ബസിലെ വിമല ചേച്ചി വരെ നിന്നാ  പോകുന്നെ.പക്ഷെ വെയില്‍!, രാവിലെയും വൈകുന്നേരോം രണ്ടിടത്താണ് എല്ലാരും ഇരിക്കുന്നത്,അതെന്താന്ന്‍ അവനും അറീല,അവന്റെ ഭാഗത്താണ് രണ്ടു നേരോം വെയില്‍, സീറ്റ് മാറിയിരിക്കാന്‍ പക്ഷെ ആരും സമ്മതിക്കില്ല ,അവനതില്‍ വിഷമം തോന്നി, പക്ഷെ പിന്നേം ആലോചിച്ചപ്പോ രവി മാമന്‍ ,മുന്‍ സീറ്റിനെ പറ്റി പറഞ്ഞതും  ശരിയാന്ന്‍ തോന്നി അവനു, ഡ്രൈവര്‍ മാമന്റെ അടുത്തിരുന്നാല്‍ പേടിയാകും,ശരിയാ ,പക്ഷെ ഏകാന്തത എന്താന്ന്‍ അവന്‍ അറിയില്ല,രവി മാമന്‍ പറഞ്ഞത് ഇത്രെക്കെ ശരിയണേല്‍ പിന്നെന്തിനാ മാമന് പ്രാന്താന്ന്‍ പറയണേ? വല്യോര്‍ടെ കാര്യോന്നും ഇപ്പൊ അറിയാന്‍ പറ്റില്ല,അമ്മ എപ്പോഴോ പറഞ്ഞത് അവനോര്‍ത്തു ,ചിലപ്പോ ശരിയാരിക്കും,എന്നാലും എപ്പോഴും ചിരിക്കന്ന രവി മാമന് എന്തിനാ പ്രാന്താന്ന്‍ പറയണെ? ഒരു സ്വപ്നത്തിലെന്നപോലെ അവനിങ്ങനെ ആലോചിച്ചുകൊണ്ടിരുന്നു.രവിമാമന് പ്രാന്താണ്,പ്രാന്ത് ..എന്നെ ആരും ഇതുവരെ പ്രാന്തനെന്ന്‍ വിളിച്ചിട്ടില്ല.അവനതില്‍ സന്തോഷം തോന്നി,രവി മാമന്‍ പറഞ്ഞതെന്തോക്കെ ആണേലും പ്രാന്താണേല്‍ അതൊന്നും നല്ലതല്ല , അമ്മ പറഞ്ഞ് അവനു അത്രേം അറിയാം,ഒരു രൂപോം ഇല്ലാത്ത കാര്യങ്ങളാത്രേ അങ്ങനുള്ളോര്‍ പറയുന്നത്,രവി മാമന്‍ ശരി അല്ല,അമ്മ ശരിയാണ്,അമ്മ മാത്രല്ല ,എല്ലാരും അങ്ങനാ പറയാറ്,അപ്പോപ്പിന്നെ അതുതന്നെ,രവി മാമന് ശരിക്കും പ്രാന്താ ,എല്ലാരും അങ്ങനെ തെറ്റില്ലല്ലോ,ബസ് സ്കൂളില്‍ എത്താറായി,ആദില്‍ ഒന്നുടെ അകത്തേക്കിരുന്നപ്പോ അവന്‍ തീര്‍ത്തും ഒതുങ്ങിപ്പോയി,തിരിച്ച് തല്ലുവാന്‍ അവനു ശക്തി പോര,ശക്തി വേണം.ആദിലിനു അതുണ്ട്,മറ്റു പലര്‍ക്കും അതുണ്ട്,ക്ലാസ്സിലെ സുജിത്തിന്,വിമലിന്,തോമസിനെ പന്ജ്പിടിച് (arm wrestling)  തോപ്പിക്കാന്‍ ആര്‍ക്കും ആകില്ല,ഇതൊക്കെ ഓര്‍ത്തുകൊണ്ട് അവന്‍ നടന്നു, അവന്റെ മനസ്സ് പതറുന്നുണ്ടായിരുന്നു,ശക്തി വേണം ,ശക്തി വേണം ,അവന്‍ വീണ്ടും വീണ്ടും മനസ്സില്‍ പറഞ്ഞു, ക്ലാസ്സിലേക്ക് കാല്‍ വച്ചതും സുജിത്തും,വിമലും,ഇത്തിരിപ്പോന്ന വിനുമോനും എല്ലാരും ഒരുമിച്ചു വിളിച്ചുപാണ്ടീ,കറുപ്പാണ്ടീ..!
            

                                                     നവനീത് ജോസ് 

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

  
                                                              വഴികൾ 
                                                                                      

 ചലനം,അയാൾ അതിനെക്കുറിച്ചു മാത്രം ചിന്തിക്കയായിരുന്നു.അനന്തവും,ജനനം നിർണ്ണയിക്കുവാൻ  ആകാത്തതുമായ ചലനം,അതിന്റെ അദൃശ്യമായ  താളം , അതിലേക്ക് വളരെപ്പെട്ടന്ന് അയാളുടെ ചിന്ത കടന്നുപോയി. എല്ലാത്തിനും അതിന്റെതായ താളമുണ്ട് പലപ്പോഴും  നമ്മൾ അറിയുന്നില്ലെങ്കിലും  ,പക്ഷെ എന്തുകൊണ്ട് നമ്മൾ അതറിയുന്നില്ല ? അല്ലെങ്കിൽ ചില കാര്യങ്ങൾ എന്ത്കൊണ്ട് താളമില്ലാതെ  ക്രമങ്ങളില്ലാതെ  തോന്നുന്നു എന്നത്തെല്ലാം കാലം എന്ന വാക്കിൽ  തട്ടി നിന്ന് . കാലം  എന്ന വാക്കിൽ .നമുക്കറിയാത്ത കാലങ്ങൾ , സമയത്തിന്റെയും സ്നേഹത്തിന്റെയും,ചുംബനങ്ങളുടെയും , നഷ്ട്ടങ്ങളുടയും ഒക്കെ കാലങ്ങൾ , അളവുകോലുകൾ ഇല്ലാത്ത കാലങ്ങൾ ,അവയെല്ലാം അറിയുന്നത് നാമനുഭവിക്കുന്ന  സമയത്തിന്റെ അളവുകളിലൂടെയാണ് ..അളവുകൾ ... ശരിയും തെറ്റുമുൾപ്പടെ നാം മനുഷ്യർ  ഉണ്ടാക്കിയ  അളവുകളുടെ കൂമ്പാരങ്ങൾ. ഒരു  കണ്ണീർത്തുള്ളിക്ക്  മുൻപ് ,ഒരു  വാക്കിനു  മുൻപ് ,ഒരു കാറ്റിനു മുൻപ്  എന്നൊന്നും  അടയാളപ്പെടുത്തതാണ്  കഴിയാതെ  അക്കങ്ങളിൽ  ഒതുങ്ങിയ  കണക്കളവുകൾ. അക്കങ്ങളും  ഉന്മാദിയായ ഭാവനകളും തമ്മിലുള്ള  നീണ്ട  പോരാട്ടത്തിനൊടുവിലാണ് അന്നെന്നോ  ഇതുപോലൊരു  ട്രയിൻ യാത്രക്കൊരുങ്ങിയത് ..അക്കങ്ങൾ  നഷ്ട്ടപ്പെട്ടു  ,കണ്ണീരിലും ,വിശപ്പിലും,നിസ്സഹായതയിലും സഹതാപത്തിലും ,ചിരിയിലും ,സ്നേഹത്തിലും ഒക്കെ മാത്രം അളക്കാൻ  കഴിയുന്ന കുറേ  കാലങ്ങൾ .കാലമാപിനികൾക്ക്  നഷ്ട്ടപ്പെട്ടപോയ  ഒരാളും  അയാളുടെ  കാലങ്ങളും.പിന്നെ എത്രയെത്ര പകലുകളും  രാത്രികളും. .. അതിനൊക്കെ മുൻപ് നിന്നും  ഒരു  കാഴ്ച  അയാളിലേക്ക്  വന്നു

 ..കുന്നിൻ ചാരിവിലെ  കാറ്റിൽ നിന്റെ മുടി എനിക്ക്  വഴി കാട്ടുന്നുണ്ട് ..എങ്കിലും നീ  ഏറെ മുന്നിൽ ..പുൽമേടിന്റയും,മഴമൂടിയ ആകാശത്തിന്റെയും,നനുത്ത കാറ്റിന്റെയും ആ വൈകുന്നേരത്ത്  ഒരുപാട്  മുന്നിലായിരുന്നു നീ ..

അയാൾ തന്റെ  കയ്യിലിരുന്ന  ആ ആൽബത്തിലേക്ക്  കണ്ണോടിച്ചു , ഏതെല്ലാം നാടുകൾ ,വഴികൾ ,കാറ്റ് ,മണ്ണ് , മണ്ണിന്റെ  നിറവും  മണവുമായിരുന്നു  നിനക്ക്. മഴച്ചാലുകളും,ഇലത്തുള്ളികളും  നീണ്ട  നീല ഞരംബുകളും,കണ്ണിൽ കടൽത്തിരകളും ഉള്ള നീ. ആൽബത്തിലെ  ചിത്രങ്ങളലിൽ  പല നാടുകളും  കാലങ്ങളും  നിറഞ്ഞു നിന്നു  ,

"വെളിച്ചത്തിന്റെയും ,നിഴലുകളുടെയും യാത്രകൾ ,മഴയുടെയും  തെരുവിന്റേയും ,കവിതയുടെയും കണ്ണീരിന്റെയും  നിറവും  മണവുമുള്ള യാത്രകൾ.സ്നേഹവും  അങ്ങനെയാണ് ചിലപ്പോ ലക്ഷ്യങ്ങളില്ലാത്ത  ഒരു പാത ,അകലെയും  അരികെയും അറിയാത്ത  കാഴ്ച , എന്നിരുന്നാൽ  പോലും  സ്നേഹം  ദേശാടന  കിളികൾ  പോലെയാകണം ,ഋതുക്കളിൽ  യാത്രകളും നാടുകളും  തേടുമ്പോഴും തിരിച്ചുവരാൻ  രണ്ടു  ചുണ്ടുകൾ  കാത്തിരിക്കുന്ന  ഒരു സ്വപ്നമാകണം  സ്നേഹം "

ആരോ അത് പറയുന്നതായി  അയാൾക്ക്  തോന്നി. അയാളുടെ കണ്ണുകളും  ആ വാക്കുകൾ  കേൾക്കുന്നണ്ടായിരുന്നു , കാണണോരത്ത്  വെളിച്ചം  പ്രതിഫലിച്ച് നിന്നു    , അങ്ങനെ ആ ചിത്രങ്ങൾ അയാൾക്ക് വാക്കുകളുടെയും  അടയാളങ്ങളുടെയും  ഒരു  ഓർമ്മപ്പുസ്തകം  തോന്നി, " തന്റെ  ക്യാമറ കയ്യിലെടുത്തയാൾ  അതിലെ  ചിത്രങ്ങളിലും  കണ്ണോടിച്ചു ,ഏതോ  ഒരു  ഒറ്റമുറി  സ്റ്റേഷൻ  എത്തിയിരിക്കുന്നു ,പിഞ്ചിയ  പച്ചക്കൊടി  കാട്ടി  ആ സ്റ്റേഷൻ  മാസ്റ്റർ  വെളുക്കെ  ചിരിക്കുന്ന. പതിയെ  നീങ്ങി തുടങ്ങി , തീവണ്ടി  കടന്നെത്തിയ   കാറ്റിൽ  കണ്ണടയുമ്പോൾ അയാൾ  അവളിലേക്കെത്തുകയായിരുന്നു ,മണ്ണിലൊഴുക്കുന്ന  മഴവെള്ളം പോലെ  അവൾ വഴികൾ  തേടി  പൊയ്ക്കൊണ്ടേയിരുന്നു, പാടുകളിൽ  അയാൾ  അവളെ  തിരഞ്ഞുകൊണ്ടേയിരുന്നു
  ,ആരോ  തട്ടിയതറിഞ്ഞാണ്  അയാൾ  കണ്ണ് തുറന്നത് ,ട്രെയിൻ  സ്റ്റേഷനിൽ  എത്തിയിരിക്കുന്നു ,ഇളകുന്ന  വെയിൽചില്ലകൾക്കിടയിലൂടെ  അയാൾ  നടന്നു, സ്റ്റേഷന്  മുന്നിൽ  ഒരു ബസ് കാത്ത് നിൽക്കുന്നണ്ടായിരുന്നു ,അയാൾക്ക്   കൃത്യമായി അറിയാം  അതെങ്ങോട്ടാണ്  പോകുന്നതെന്ന്. അവസാനത്തെ  സീറ്റിൽ  ജനലരികിൽ ,നാട്ടുവഴിയുടെ  ഉലച്ചിലിനിടയിൽ  അയാൾ  ആകാശം  കണ്ടു ,ചിറകുകളും  ഉയരങ്ങളും  കണ്ടു ,തെന്നിപ്പാഞ്ഞു  പോകന്ന  കാറ്റിൽ ഇലകളുടെ  ആത്മഗതങ്ങൾ  അയാൾ  കേട്ടു.പോസ്റ്റ്  ആപ്പീസും ,ഇടത്  വശത്തെ ആമക്കുളവും  കഴിഞ്ഞു ബസ്  നീങ്ങി,,അതിലധികവും  പതിവുകാരായിരുന്നെന്ന്  അയാൾ കണ്ടു ടിക്കറ്റെടുക്കുമ്പോൾ  കണ്ടക്ടർ  പലരോടും  ചിരിക്കുന്നണ്ടായിരുന്നു ,തല പിറകിലേക്കിട്ടും  എത്തിവലിഞ്ഞു നോക്കിയും,പരിചിതരെപ്പോലെ  അവർ പലർ പരസ്പരം  സൊറ  പറഞ്ഞുപോകന്നു, അർദ്ധം  വക്കുന്ന  ചിരികൾ ,അസൂയകൾ ,പരിഭ്രമങ്ങൾ,തോർന്ന  മുടിയിഴകളുടെ  മണം, കുറച്ച് നേരത്തേക്ക് മാത്രം അവിടെ നിലനിൽക്കുന്ന  ഒരു പരിചയം ,പല പ്രായങ്ങളും പല നിലകളും  ഒന്നാകുന്ന  കുറച്ച്  നേരം,  ആ സമയം  കണ്ടക്ടർ  അയാളെ തന്നെ   സൂക്ഷിച്ച്  നോക്കി,

"ആരെന്ന്  പറയണമായിരുന്നു? അവനു  മുറിവേറ്റിരുന്നു ,തിരികെ  നടക്കുമ്പോൾ അന്നോളം  പരിചിതമല്ലാത്ത  ഒരു ശൂന്യതയിലേക്ക്  അവൻ  വഴുതി ,ആരെന്ന്  പറയണമായിരുന്നു? വീണ്ടും വീണ്ടും  ശൂന്യത  ഭേദിച്ച്  ആ ചോദ്യം  മുറിവിൽ  കുത്തിക്കൊണ്ടേയിരുന്നു.എന്തെങ്കിലും  ഒന്ന് പറയാമായിരുന്നു  , എന്തെങ്കിലും"

 ബസ്  പക്തിയിലധികം  കാലിയായിരുന്നു , അത് കഴിഞ്ഞേതോ   ഏതോ  ഒരു  സ്റ്റോപ്പിൽ  ആയാളും  ഇറങ്ങി, അങ്ങാടിയിലെ  കണ്ണുകൾ  അയാളെ  നോക്കി , തൊട്ടടുത്ത  നിമിഷം  അപരിചിതന് കൊടുക്കാവുന്ന നേരം അവസാനിപ്പിച്ചവ  തിരികെ  പോയി, അവിടെനിന്നും ,അയാൾ നടന്നു  തുടങ്ങി, വഴി  അയാൾക്കറിയാം , ഇടവഴികൾ തിരിയാതെ അയാൾ കുറെ ദൂരം  നടന്നു അയാൾ, കോൺക്രീറ്റ്  വിട്ട്  മൺപാത  കാണാറായി,ഒന്നാമത്തെ  തിരിവിൽ  അയാൾ  തിരിഞ്ഞു , രാവിലെയായിരുന്നിട്ടും തൊലിപ്പുറത്ത്   വിയർപ്പ്  പൊടിയുന്നുണ്ടായിരുന്ന,വഴി അവസാനിച്ചു . ഇരുവശത്തുനിന്നും  ത്രികോണം  കണക്കെ  ഉയർന്നൊന്നിക്കുന്ന  മൺപടികൾ കയറി  നടന്നയാൾ  ഒരു  വീട്ടിലെത്തി,വഴിയിലെ  അവസാനത്തെ  വീട്, പഴയ ഒരു  കുഞ്ഞു  വീട് , തടിജനാലകൾ ദ്രവിച്ച്  തുടങ്ങിയിരിക്കുന്നു ,മങ്ങിയ  ചായങ്ങൾ , കരിയിലകളും , അതിരുകളിൽ  ചിതൽപ്പുറ്റുകളും  നിറഞ്ഞു  നിൽക്കുന്നു , കാലടികൾ പതിഞ്ഞ പാടുകളോ , ഏതെങ്കിലും  വഴികളോ  അയാളവിടെ  കണ്ടില്ല,
 വാതിലിനടുത്തെത്തി  തന്റെ  ബാഗിൽ നിന്നും  അയാളൊരു  താക്കോൽ   പുറത്തെടുത്തു , തുരുമ്പിച്ചു  പഴകിയ ഒരു താക്കോൽ, അയാളാ  വാതിൽ തുറന്ന് അകത്തേക്ക്  കയറി , പൊടി , തിങ്ങി  നിൽക്കുന്ന കടുത്ത ഗന്ധം, ജനാലക്ക്  സമീപം  ഒരു  തടിമേശ, തെല്ലകലെ  ഓരത്തോട്  ചേർന്ന്  ഒരു കട്ടിൽ .. അയാൾ  ജനാലകൾ  തുറന്നു , വെളിച്ചം  അവിടേക്കരിച്ചിറങ്ങി ,പൊടിപടലങ്ങൾ  ആ വെളിച്ചത്തിൽ  ഉഴറിമറിയുന്നത്  അയാൾ നോക്കി നിന്നു, വെളിച്ചത്തിൽ അയാളുടെ മുഖം വലിഞ്ഞു  മുറുകി ... ആ മേശപ്പുറത്ത്  ഏതോക്കെയോ  പുസ്തകങ്ങൾ അലഞ്ഞു  കിടക്കുന്നു,അവിടെയിവിടെയായി  മങ്ങി പൊടിയിൽ  കുതിർന്ന  ചില കടലാസുകൾ, അയാൾ  തൂവാലകൊണ്ടോന്ന്  തുടച്ച്  ആ കട്ടിലിലിരുന്നു.അയാളുടെ കണ്ണുകളിൽ  കാഴ്ച  ഇരച്ചു കയറി .ഇപ്പോളയാൾക്കു മുന്നിൽ  അവൾ ഇല്ല

, അയാൾ മാത്രം ,അപ്പോഴേക്കുമായാൾ താഴ്വാരം കടന്നു,മകളിലെത്തിയിരിക്കുന്നു,അവിടെ  അയാൾക്ക് മുന്നിൽ  ഈ ലോകമാകെ  പടർന്നു കിടക്കുന്ന  കനത്ത  ശൂന്യത, തൊട്ടടുത്ത  ചുവടിൽ  മരണവും, പിറകിൽ  നഷ്ടബോധവും  അയാളെ കാത്തിരുന്ന. മങ്ങി മാഞ്ഞു പോകന്ന  ആ കാഴ്ചച്ചയിൽ  നിന്നും  കണ്ണെടുക്കാനാകാതെ  അയാൾ സൂക്ഷിച്ചു  നോക്കി ,മറ്റൊന്നും കാണാനുണ്ടായിരുന്നില്ല . മുന്നിൽ ,കോടമഞ്ഞിറങ്ങുന്ന  കുന്നിന്റെ അവ്യക്തത  ,പിടിച്ചുനിർത്താൻ  കൊതിച്ചിട്ടും മാഞ്ഞു പോകുന്ന സന്ധ്യ  പോലെ  ആഴം അയാളെ  നോക്കി , അയാൾ ആഴത്തെയും... നിലക്കാത്ത തിരകളുടെ പ്രവാഹം പോലെ അയാൾ ആഴത്തെ നോക്കി , കാൽച്ചുവട്ടിൽ  നിന്നും ഒരു   ആഴത്തിലേക്കെറിഞ്ഞു , കാറ്റ്  ശക്തമായിക്കൊണ്ടിരുന്നു

 കതകിലാരോ  മുട്ടുന്ന  ശബ്ദം , തെല്ലമ്പരപ്പും  അങ്കലാപ്പുമോടെ  അയാൾ  കതകിനടത്തേക്ക്  നടന്നു , അയാളുടെ  പകുതിയോളം  മാത്രം  പ്രായം വരുന്ന ഒരു പയ്യൻ.
ഈ വീടിയാൾടെ  ആണോ?അവൻ ചോദിച്ചു
അതേയെന്നയാൾ  അമ്പരപ്പ്  മാറാതെ  മറുപടി  കൊടുത്തു .
ബസ്സിറങ്ങന്നത്  കണ്ടായിരുന്നു, ഇങ്ങോട്ട്  തിരിയുന്നതും  കണ്ടു , ഒരു  പൊതിക്കെട്ട്  അയ്യാളുടെ നേരെ നീട്ടിക്കൊണ്ട്  ആ പയ്യൻ തുടർന്ന് , ഈ വീട്  ഒരാൾ തുറക്കുമ്പോ  അയാളുടെ  കയ്യിൽ ഏൽപ്പിക്കണമെന്ന്  പറഞ്ഞമ്മ  ഏൽപ്പിച്ചതാ  ഇത്, പോയേന്റെ  തലേന്ന് .
അയാളത് വാങ്ങി.മറ്റൊന്നും  പറയാതെ അവൻ  തിരികെ നടന്നു,
മേശപ്പുറത്ത്  വച്ച്  അയാളെ കെട്ടഴിച്ചു  കുറെയേറെ  പഴയ  കടലാസുകൾ , എഴുത്തുകൾ , പ്രണയ  ലേഖനങ്ങൾ ,കവിതകൾ ,മങ്ങിയ മഷി, കെട്ടിപിണഞ്ഞു  കിടക്കുന്ന  അക്ഷരങ്ങൾ , അയാളതേതൊക്കെയോ വായിക്കാൻ തുടങ്ങി , ക്രമമില്ലാതെ  ആർത്തിയോടെ  അയാളത് നോക്കി , ഇടക്കെവിടെനിന്നോ  കിട്ടിയ  തുണ്ടുകടലാസ്  പോലെ തോന്നിയ, അറ്റങ്ങൾ  മുറിഞ്ഞു മങ്ങിയ ഒരു കടലാസ്സ് അയാൾ  കയ്യിലെടുത്തു ,അക്ഷരങ്ങൾ പകുതി മാഞ്ഞെങ്കിലും അയാൾക്കത്  വായിക്കാൻ കഴിഞ്ഞു  , 

"വെളിച്ചത്തിന്റെയും ,നിഴലുകളുടെയും യാത്രകൾ ,മഴയുടെയും  തെരുവിന്റേയും ,കവിതയുടെയും കണ്ണീരിന്റെയും  നിറവും  മണവുമുള്ള യാത്രകൾ.സ്നേഹവും  അങ്ങനെയാണ് ചിലപ്പോ ലക്ഷ്യങ്ങളില്ലാത്ത  ഒരു പാത ,അകലെയും  അരികെയും അറിയാത്ത  കാഴ്ച , എന്നിരുന്നാൽ  പോലും  സ്നേഹം  ദേശാടന  കിളികൾ  പോലെയാകണം ,ഋതുക്കളിൽ  യാത്രകളും നാടുകളും  തേടുമ്പോഴും തിരിച്ചുവരാൻ  രണ്ടു  ചുണ്ടുകൾ  കാത്തിരിക്കുന്ന  ഒരു സ്വപ്നമാകണം  സ്നേഹം " 

                                                                                                                 നവനീത് ജോസ്

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച


  • "പാബ്ലോ നെരുദക്ക് ഒരു മറുഗീതം"

    ചുരം കടന്നും ചോരയുടെ മണം
    എത്തിയ ഒരു സന്ധ്യയില്‍ വീണ്ടുമൊരു
    സ്നേഹ കവിത എഴുതവെ,ചോദ്യമുയര്‍ന്നു

    എന്തുകൊണ്ട് ഗര്‍ഭിണിയുടെ അടിവയറില്‍
    കത്തിമുന കീറിമുറിച്ചു കയറുമ്പോഴും
    പകലിന്റെ സാക്ഷ്യത്തില്‍ തന്നെ
    പെണ്ണ് മാനത്തിനായ് പിടയുമ്പോഴും
    അനുഗ്രഹത്തിന്റെ കച്ചവടക്കാര്‍
    മനുഷ്യരക്തവും മാംസവും വില്ക്കുമ്പോഴും
    ചുവന്ന തെരുവുകളില്‍ നിന്നും
    അരാജകത്വത്തിന്റെ കാമം ജ്വലിക്കുമ്പോഴും
    മനുഷ്യനിര്‍മ്മിത അതിര്‍ത്തികള്‍ക്കിരുപുറം
    വെടിയുണ്ടകള്‍ നിര്‍ലോഭം ചലിക്കുമ്പോഴും

    നീയെന്തുകൊണ്ട് പറഞ്ഞു തേഞ്ഞു പഴകി മടുത്ത
    വിഷയം തന്നെ വീണ്ടുമെഴുതുന്നു ??
    കവി മനുഷ്യസ്നേഹിയാനെന്നിരിക്കെ നീ
    ആ വര്‍ഗ്ഗത്തെയാകെ അപമാനിക്കുന്നു

    അപ്പോഴും,ശ്വാസം കിട്ടാതെ നദിയില്‍നിന്നും
    മീനുകള്‍ ചത്തുപോങ്ങുന്നുണ്ടായിരുന്നു
    കിനാവ്‌ കാണാന്‍ മറന്ന ഒരു ജനത
    കൂടാരങ്ങളില്‍ വിയര്‍ത്തുറങ്ങുന്നുണ്ടായിരുന്നു
    ജനനമേല്പ്പിച്ച പേരുകള്‍ പേറിയവര്‍
    അതിനാല്‍ മുറിവേറ്റുകൊണ്ടിരുന്നിരുന്നു

    നിങ്ങള്‍ വീണ്ടും ചോദിക്കുന്നു
    എന്തുകൊണ്ട് കവിയെന്നു അവകാശപ്പെടുന്ന
    നിങ്ങള്‍ സമൂഹം ഇത്ര കലുഷിതമാകുമ്പോഴും
    പ്രേമത്തെപ്പറ്റി മാത്രം എഴുതുന്നു

    അമ്മയെന്നു വിളിക്കുന്ന അക്ഷരം പഠിക്കുന്നത്
    സംസ്കാരശൂന്യമെന്ന് പറയുന്ന
    വെള്ളക്കാരന്റെ എച്ചില്‍ ഇന്നും
    ആചാര്യ മര്യാദയോടെ തിന്നുന്ന
    ഓരോ അപകട വാര്‍ത്തയും
    ഓരോ ദുരന്തങ്ങളും കാണവേ
    ഒരിറ്റു സഹതാപം കൊടുക്കാതെ
    തീന്‍മേശയില്‍ അടയിരിക്കുന്ന
    കാമറ കണ്ണുകള്‍ പെണ്ണിന്റെ
    മാനത്തിലേക്ക്‌ ചൂഴുന്ന
    സ്വാര്‍ത്ഥന്‍ സാമ്രാജ്യങ്ങള്‍ നേടുന്ന
    കച്ചവടക്കാരന്റെ കൈകളില്‍
    നിയമങ്ങള്‍ സുസ്ഥിരമാകുന്ന
    അധികാര വാതിലുകള്‍
    നോട്ടുകള്‍ക്ക് മുന്നില്‍ തുറക്കുന്ന
    രാഷ്ട്രീയമെന്നാല്‍ അറിയില്ലെന്ന്
    പറഞ്ഞൊഴിഞ്ഞു,സ്വയം അടിമയാകുന്ന
    അരാഷ്ട്രീയതയുടെ വസ്ത്രങ്ങള്‍
    അഭിമാനത്തോടെ അണിയുന്ന
    ജാതിബോധത്തിറെ നിറങ്ങള്‍
    സ്വത്വത്തെയുണര്‍ത്തുന്ന
    മനുഷ്യ ജന്തുക്കള്‍ വസിക്കുന്ന
    ഇവിടെയീ നാട്ടില്‍
    സ്നേഹത്തെക്കുറിച്ചല്ലാതെ
    കവിയിനി എന്തെഴുതുവാന്‍

    ഗലികളില്‍,പട്ടിണിയുടെ തീരങ്ങളില്‍
    തെരുവുകളില്‍,നിരായുധരായ
    നിരാശ്രയരായ ജനസമൂഹങ്ങള്‍
    ചെറുപിണക്കങ്ങളും,സ്നേഹവും
    ജനിക്കുന്നത് കാട്ടുന്ന
    പണം തെരുവുതെണ്ടിയെന്നു വിളിക്കുന്ന
    കുട്ടികള്‍ മഴയില്‍ ഉന്മാദത്തിന്റെ
    നൃത്തം കളിച്ചു മദിക്കുന്ന
    ഒന്നുമില്ലാത്ത മനുഷ്യരെന്നവര്‍ഗ്ഗത്തിനു
    സ്നേഹത്തെകുറിച്ചല്ലാതെ എന്ത് കേള്‍ക്കുവാന്‍

    ആഹാരം തന്നെ സ്വപ്നമായവന്
    തേക്കുകട്ടിലില്‍ മലര്‍ന്നുകിടന്നു
    സമൂഹജീര്‍ന്നതയെപ്പറ്റി പുലമ്പുന്ന
    കപടവാദികളുടെ നട്ടെല്ലിനു
    കാലം കൊടുക്കന്ന തേയ്മാനം
    കേള്‍ക്കുവാന്‍ എവിടെ നേരം

    സംതൃപ്തിയുടെ കരയിലിരുന്നു
    പണം,കടം,അസുഖങ്ങള്‍,നേര്‍ക്കുന്ന ബന്ധങ്ങള്‍
    ഇവക്കുമുകളില്‍ ചടഞ്ഞിരുന്നു
    നിങ്ങളെന്നെ ചോദ്യം ചെയ്യവേ
    ഞാന്‍ വിളിക്കയാണ് നിങ്ങളെ

    വരൂ,ഈ തെരുവുകളിലെ സ്നേഹം കാണു
    വരൂ,കാണു
    ഈ തെരുവുകളിലെ സ്നേഹം
    വരൂ,സ്നേഹം കാണു
    ഈ തെരുവുകളിലെ സ്നേഹം

    നവനീത് ജോസ്

2013, ജൂലൈ 28, ഞായറാഴ്‌ച

വെട്ടയടപ്പെടുന്നവന്റെ ഭയമെനിക്കില്ല
പക്ഷെ മരണത്തിന്റെ ചൂര് ഞാനറിയുന്നു
കുറ്റവാളിയുടെ പശ്ചാത്താപം എനിക്കില്ല
പക്ഷെ തടവിന്റെ ഏകാന്തത എന്നെപ്പോതിയുന്നു

ഈച്ചരവാര്യരും ജോസഫും എന്നും
എന്റെ സ്വപ്നങ്ങളിൽ എന്നെ കാണാൻ വരും

കുറച്ചുനേരം തുറിച്ചു നോക്കി നില്ക്കും അവർ

ഹേ,നാണം കെട്ട നായെ നീയുറങ്ങുമ്പോൾ
ആയിരങ്ങൾ കണ്ണടക്കാനാകാതെ,
വിശപ്പിന്റെ കൊടിയെന്തി,ജീവന്റെ കനിതേടി
മരിക്കാതിരിക്കുന്നുണ്ടിവിടെ
ജോസഫ് കാർക്കിച്ചുതുപ്പുന്നു

പ്രിയപ്പെട്ട മകനെ ഈ രാത്രി നീയുറങ്ങുക
ഞാൻ നിനക്ക് കാവലാളാകാം
നീ നിന്റെ സ്വപ്നങ്ങളിൽ തിരയുക
ഞാൻ തിരഞ്ഞുമരിച്ചോരെൻ ജീവനെ.
വാര്യർ തളർന്നു പറഞ്ഞു

നാടകാന്ത്യം 

കത്തിയമരാത്ത മെഴുകുതിരികൾ
ഊഴത്തിനായ് കാത്തിരിക്കാതെ  സ്വയമുരുകുന്നു
പലവട്ടം ചാട്ടം പിഴച്ചോരെട്ടുകാലി
മനംനൊന്ത് എട്ടുകാലും വെട്ടുന്നു
പീലാത്തോസ്,താൻ കൈകഴുകിയ
ജലത്തിന്റെ ഗന്ധമേറ്റ് മരിച്ചുവീഴുന്നു

പുലർച്ച 

ഉറങ്ങിയവൻ എഴുനേൽക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു








2013, ജൂലൈ 10, ബുധനാഴ്‌ച

പെണ്ണെ നിന്റെ പേരെന്ത്
രാഗിണി
അവർ അങ്ങനെയല്ലല്ലോ വിളിച്ചത്
ആ പേരെന്ത്
വേശ്യ

എത്ര നല്ല പേര്
വശ്യതയുള്ളവൽ
വശ്യതയുനർത്തുന്നവൽ  വേശ്യ
മനോഹരം

ആര് സമ്മാനിച്ചു നിനക്കീ പേര്
ഉറപ്പായും അതൊരു
മുനിയോ,കാമുകനോ ആയിരിക്കും
ജ്ഞാനത്തിന്റെ ഗിരിശൃംഗം തേടുന്നവൻ
സൌന്ദര്യത്തിന്റെ ഉപാസകൻ
ജീവിതത്തിന്റെ  സന്ദേശവാഹകൻ
ഇവരിലാരെങ്കിലുമാകും ആ പേര് നിനക്ക് ചാർത്തിത്തന്നത്

ഇവരാരുമല്ല എനിക്കീ പേര് തന്നത്
പട്ടിണിയാണ്
പിന്നെ  ആർത്തി മൂത്ത ചില പട്ടികൾ
 ആരാണ് നിങ്ങൾ 
എവിടെനിന്ന് വരുന്നു

ഞാനോ
ഞാനൊരു സ്വപ്നത്തിൽ നിന്നും
ഉണര്ന്നു വന്നതെയുള്ളു
ഞാനാരെന്ന് ഞാനും തിരയുകയാണ്

കാലം മാറി ജനിച്ചവനെന്നു ജാതകം പറയുന്നു
കാലം തെറ്റി ജനിച്ചവനെന്നു ശാസ്ത്രം പറയുന്നു
കാലക്കേടിനെന്നു  മനുഷ്യർ പറയുന്നു
ക്ഷമിക്കണ,സഹോദരി
ഞാനും എന്നെ തിരയുകയാണ്
എവിടെയെങ്കിലും 
നീ  എന്നെ കണ്ടെത്തുന്നുവെങ്കിൽ
പറയാതെ പോകരുത്,എന്നോട്



...നവനീത് ജോസ് ..


2013, ജൂൺ 29, ശനിയാഴ്‌ച






കടന്നുപോയ ഓരോ പെണ്‍കുട്ടിയും
ഓരോ നിശ്വാസവും,ഓരോ ശബ്ദവും
ഓരോ ചലനവും,ഓരോ പ്രണയത്തിന്റെ ചുവരെഴുത്തുകളാണ്
ഉപേക്ഷിക്കപ്പെട്ട ഒരു സ്മശാനത്തിലേക്ക്,
ചുരം കടന്നെത്തുന്ന വരണ്ട കാറ്റിന്റെ സ്പർശത്തിലേക്ക്
ഒരു സ്വപ്നത്തിന്റെ തിരിച്ചറിയപ്പെടാത്ത നിമിഷത്തിലേക്ക്‌
അവയെത്തിക്കുന്നു

യുദ്ധം കൊടുംമ്പിരികൊള്ളുകയാണ്.
നാലുപാടും വെടിയൊച്ചകൾ,പുകമറഞ്ഞ കാഴ്ചകൾ
മനുഷ്യ രക്തവും ഇറച്ചിയും നിറഞ്ഞ തെരുവുകൾ.
കണ്ണീരോടെ മരിച്ച ഒരു ജവാന്റെ വേദനയിൽ  യുദ്ധം പരാജയപ്പെടുന്നു .
വേദകൾ,മരണങ്ങൾ,നഷ്ടപെടലുകൾ
ഒരു ചുംബനത്തിന്റെ ഓർമ്മ.
ഒരനർഘ നിമിഷത്തിന്റെ ചൂട്


ഓരോ യുദ്ധഭൂമിയും ഒരു സ്വപ്നഭൂമികൂടിയാണ്
ഓരോ പ്രണയകാലവും ഒരു കലാപകാലം കൂടിയാണ്



നവനീത് ജോസ്


2013, ജൂൺ 18, ചൊവ്വാഴ്ച

ഞാൻ ചിരിക്കുമ്പോൾ 
എന്റെ അരികിൽ വരിക
അപ്പോളൊരു കാറ്റ് വീശും 
ചിലപ്പോ മഴ ചാറും 
ഞാൻ ചിരിക്കയായിരിക്കും 

വിശക്കുന്നവന്റെ ഒരു പാട്ട് 
അവിടെക്ക് കാറ്റൊടോപ്പമെത്തും 
കരയുന്നവന്റെ കണ്ണീർ 
 മഴയോടൊപ്പം പെയ്യും 

പിന്നെ ചിരിയിൽ നിന്നും 
ഒരുനൂറു പൂക്കൾ 
വിഷക്കുന്നവന്റെയും കരയുന്നവന്റെയും 
അടുത്ത് പൂത്തുലയും 
അതിനു എന്റെ വിയർപ്പിന്റെ 
ഗന്ധമായിരിക്കും 

അപ്പോഴും  ഞാൻ 
ചിരിക്കുന്നതെന്തിനെന്നൊർത്തു 
നീയത്ഭുതപ്പെടും 
എന്നെ ഭ്രാന്തനെന്നു വിളിക്കും 
അപ്പോഴും ഞാൻ ചിരിക്കയായിരിക്കും