2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

കവിത 12
നവനീത്


കറ പിടിച്ചു നിറം മാറിയ കൌമാരത്തിന്റെ,
കെട്ടുകമ്പി ഉരഞ്ഞു മുറിവേറ്റു നീറുന്ന കൈകളിൽ
കിനാവും ജീവിതത്തിന്റെ തേരി കേറും തളര്ച്ചയും
കൊണ്ടെന്റെ മുന്നിലേക്ക്‌ വന്ന കൂട്ടുകാരാ
നിനക്ക് തരാൻ എന്റെ കൈയിലെന്ത്‌?

ഒരു നേരം ചോറ് ഞൻ വാങ്ങിതരാമെങ്കിലും
നിന്റെ വിശപ്പ്‌ ഞാനെങ്ങനെ ശമിപ്പിക്കും?
ഒരു കുടം വെള്ളം തരാമെങ്കിലും
നിന്റെ ദാഹം ഞാനെങ്ങനെ ശമിപ്പിക്കും

അക്ഷരങ്ങൾവസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന കാലത്ത്
അവശിഷ്ട്ടം പെറുക്കും അധകൃതൻ ഞാൻ
കാലത്തിന്റെ കോമാളിയത്രെ ഞാൻ

വാക്കുകൽചുട്ടരക്കപ്പെടുന്ന കാലത്ത്
ചാരം വാരുന്ന അധപ്പതിച്ചവനത്രേ ഞാൻ
തെരുവുചാലിലെ മലിനജലമത്രെ ഞാൻ

കൂട്ടുകാരാ പൊറുക്കുക
നീയും ഞാനും ഒരു ചിന്തയുടെ മറു വശങ്ങൾ
നിന്റെ ശിരസ്സിൽ കത്തിമുന തറക്കുമ്പോൾ
എന്റെ വാക്കും വേദനിക്കുന്നു
നിന്റെ ചങ്കിൽ നിന്ന് ചോര പോടിയുമ്പോൾ
എന്റെ കവിത നിലവിളിക്കുന്നു
നീ കൈ കൊണ്ട് ചെകിട്ടിലടിക്കുമ്പോൾ
എന്റെ അക്ഷരങ്ങൾകത്തിജ്വലിക്കുന്നു

ഒഴിവുകഴിവു പറഞ്ഞുനിന്നെ ഞാൻ
മടക്കിയയക്കുകയില്ല
നീ ഭോഗസംഭോഗങ്ങളിൽ ഉഴറി
മരവിച്ച യയാതിയല്ല
ധര്മ്മ അധർമ്മങ്ങളിൽപെട്ട്
രാജ്യം കളഞ്ഞ യുധിഷ്ട്ടിരനുമല്ല
പ്രണയവിരഹങ്ങളിൽസത്വം
നശിച്ച രാവണനുമല്ല
നീ അരുമാരുമല്ല 

സ്നേഹിതാ
സമാനഹൃദയം പേറും ഭ്രാന്താ
നിനക്ക്,
മതഭ്രാന്തിന്റെ കൈയിൽകുരുങ്ങാത്ത
സ്വാർത്ഥ രാഷ്ട്രീയത്തിന്റെ ചതിയിൽ പെടാത്ത
കപട സദാചാരത്തിന്റെ കീടം കയറാത്ത
ദ്വേഷം നുരക്കാത്ത, എന്ത് ഞാൻ തരും ?
എന്റെ കൈയോഴിഞ്ഞത്
എന്റെ കവിതയും എന്റെ ഹൃദയവും നിശ്ചലമാകുന്നു

നീയുമെന്നെക്കടന്നു പുതിയ കൈ തെടിയകലുന്നു
നീയുമെന്നെ പരാജയപ്പെടുത്തുന്നു..
 

 





2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഒരു മരത്തിന്റെ ആരുമറിയാത്ത ചില കാര്യങ്ങൾ
കവിത 11
നവനീത്


മഞ്ഞുരുകിയോഴുകും പോലിതാ
ജനുവരിതൻ പ്രഭാതങ്ങൾ പൊലിയുന്നു
വെളിച്ചം മണ്ണിനെ മറന്നന്യമാകുന്നു 
ഇരുട്ടിലീ ജനല്പ്പടികൾ തുറക്കവേ
ഹേമന്ദത്തിന്റെ ച്ചുഴിയിലാഴുന്നു
ഒരു പൂവെങ്കിലും പകലോളമെത്തുവാൻ
നിശാഗന്ധിതൻ നിത്യസന്യാസം

എന്റെ ശിഖരങ്ങൾ
എന്റെ ഇലകൾ,പൂവുകൾ,കായ്കൾ
കടും കാറ്റിന്റെ താളവും പുകുന്നു

ഞാനോ,കാതലിനുള്ളിൽ കവിതകളെഴുതുന്നു 
മൃതശരീരങ്ങൾ പൊടിഞ്ഞെന്നിലെക്കെത്തി
പറഞ്ഞ,ഞാനായ് മാറിയ കഥകൾ
മനസ്സുകൾ പോരാടിവിജയിച്ച
കൊച്ചുവിജയങ്ങതൻഗാഥകൾ,ഇതിഹാസങ്ങൽ

ചെറിയവന്റെ ഇന്നലെകളത്രേ വലുത്
ഓരോ ഇന്നലെകളിലും
സാഗരങ്ങൾ കരകളെത്തേടി തൊടുക്കും
തിരയും, നുരഞ്ഞു പൊങ്ങും പതയും
പിന്നെ
ഉള്ക്കടലിൻ നിഗൂഡമാം അഗാധത,
ഇരുട്ട്

ആരുമറിയാതെ പോകും അനാഥമാം
ഉപ്പും വിയര്പ്പും കുറുകിയ കഥകൾ

എനിക്ക് മുറിവേല്ക്കുന്നു
തൊലി പിളര്ന്നു കറ  പടരുന്നു
കഥ കേട്ട് കാലം വഴിമാറിയോഴുകുന്നു
ശിശിര തീക്ഷ്ണതയേറ്റു 
ഞാനിന്നിതാ നഗ്നനാകുന്നു

ജീവിതങ്ങളുടെ ഭാരം പേറി-
യിനിയൊരു വേനലിൽ ഞൻ മരിക്കും
എന്റെ കഥയും കവിതയും അനാഥമാകും
എങ്കിലും,ഞാൻമരിക്കട്ടെ
തണലും തണുപ്പും നല്കിയോരോർമ്മയിൽ
എനിക്ക് മോക്ഷത്തിൻ സംതൃപ്തി

അന്നും അനാഥമാകുമാ
കഥകളെയോര്ത്താണെന്റെ  ദുഃഖം