2013, ജൂലൈ 28, ഞായറാഴ്‌ച

വെട്ടയടപ്പെടുന്നവന്റെ ഭയമെനിക്കില്ല
പക്ഷെ മരണത്തിന്റെ ചൂര് ഞാനറിയുന്നു
കുറ്റവാളിയുടെ പശ്ചാത്താപം എനിക്കില്ല
പക്ഷെ തടവിന്റെ ഏകാന്തത എന്നെപ്പോതിയുന്നു

ഈച്ചരവാര്യരും ജോസഫും എന്നും
എന്റെ സ്വപ്നങ്ങളിൽ എന്നെ കാണാൻ വരും

കുറച്ചുനേരം തുറിച്ചു നോക്കി നില്ക്കും അവർ

ഹേ,നാണം കെട്ട നായെ നീയുറങ്ങുമ്പോൾ
ആയിരങ്ങൾ കണ്ണടക്കാനാകാതെ,
വിശപ്പിന്റെ കൊടിയെന്തി,ജീവന്റെ കനിതേടി
മരിക്കാതിരിക്കുന്നുണ്ടിവിടെ
ജോസഫ് കാർക്കിച്ചുതുപ്പുന്നു

പ്രിയപ്പെട്ട മകനെ ഈ രാത്രി നീയുറങ്ങുക
ഞാൻ നിനക്ക് കാവലാളാകാം
നീ നിന്റെ സ്വപ്നങ്ങളിൽ തിരയുക
ഞാൻ തിരഞ്ഞുമരിച്ചോരെൻ ജീവനെ.
വാര്യർ തളർന്നു പറഞ്ഞു

നാടകാന്ത്യം 

കത്തിയമരാത്ത മെഴുകുതിരികൾ
ഊഴത്തിനായ് കാത്തിരിക്കാതെ  സ്വയമുരുകുന്നു
പലവട്ടം ചാട്ടം പിഴച്ചോരെട്ടുകാലി
മനംനൊന്ത് എട്ടുകാലും വെട്ടുന്നു
പീലാത്തോസ്,താൻ കൈകഴുകിയ
ജലത്തിന്റെ ഗന്ധമേറ്റ് മരിച്ചുവീഴുന്നു

പുലർച്ച 

ഉറങ്ങിയവൻ എഴുനേൽക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു
പതിവുപോൽ സമയസൂചി ചലിക്കുന്നു








2013, ജൂലൈ 10, ബുധനാഴ്‌ച

പെണ്ണെ നിന്റെ പേരെന്ത്
രാഗിണി
അവർ അങ്ങനെയല്ലല്ലോ വിളിച്ചത്
ആ പേരെന്ത്
വേശ്യ

എത്ര നല്ല പേര്
വശ്യതയുള്ളവൽ
വശ്യതയുനർത്തുന്നവൽ  വേശ്യ
മനോഹരം

ആര് സമ്മാനിച്ചു നിനക്കീ പേര്
ഉറപ്പായും അതൊരു
മുനിയോ,കാമുകനോ ആയിരിക്കും
ജ്ഞാനത്തിന്റെ ഗിരിശൃംഗം തേടുന്നവൻ
സൌന്ദര്യത്തിന്റെ ഉപാസകൻ
ജീവിതത്തിന്റെ  സന്ദേശവാഹകൻ
ഇവരിലാരെങ്കിലുമാകും ആ പേര് നിനക്ക് ചാർത്തിത്തന്നത്

ഇവരാരുമല്ല എനിക്കീ പേര് തന്നത്
പട്ടിണിയാണ്
പിന്നെ  ആർത്തി മൂത്ത ചില പട്ടികൾ
 ആരാണ് നിങ്ങൾ 
എവിടെനിന്ന് വരുന്നു

ഞാനോ
ഞാനൊരു സ്വപ്നത്തിൽ നിന്നും
ഉണര്ന്നു വന്നതെയുള്ളു
ഞാനാരെന്ന് ഞാനും തിരയുകയാണ്

കാലം മാറി ജനിച്ചവനെന്നു ജാതകം പറയുന്നു
കാലം തെറ്റി ജനിച്ചവനെന്നു ശാസ്ത്രം പറയുന്നു
കാലക്കേടിനെന്നു  മനുഷ്യർ പറയുന്നു
ക്ഷമിക്കണ,സഹോദരി
ഞാനും എന്നെ തിരയുകയാണ്
എവിടെയെങ്കിലും 
നീ  എന്നെ കണ്ടെത്തുന്നുവെങ്കിൽ
പറയാതെ പോകരുത്,എന്നോട്



...നവനീത് ജോസ് ..