2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഒരു മരത്തിന്റെ ആരുമറിയാത്ത ചില കാര്യങ്ങൾ
കവിത 11
നവനീത്


മഞ്ഞുരുകിയോഴുകും പോലിതാ
ജനുവരിതൻ പ്രഭാതങ്ങൾ പൊലിയുന്നു
വെളിച്ചം മണ്ണിനെ മറന്നന്യമാകുന്നു 
ഇരുട്ടിലീ ജനല്പ്പടികൾ തുറക്കവേ
ഹേമന്ദത്തിന്റെ ച്ചുഴിയിലാഴുന്നു
ഒരു പൂവെങ്കിലും പകലോളമെത്തുവാൻ
നിശാഗന്ധിതൻ നിത്യസന്യാസം

എന്റെ ശിഖരങ്ങൾ
എന്റെ ഇലകൾ,പൂവുകൾ,കായ്കൾ
കടും കാറ്റിന്റെ താളവും പുകുന്നു

ഞാനോ,കാതലിനുള്ളിൽ കവിതകളെഴുതുന്നു 
മൃതശരീരങ്ങൾ പൊടിഞ്ഞെന്നിലെക്കെത്തി
പറഞ്ഞ,ഞാനായ് മാറിയ കഥകൾ
മനസ്സുകൾ പോരാടിവിജയിച്ച
കൊച്ചുവിജയങ്ങതൻഗാഥകൾ,ഇതിഹാസങ്ങൽ

ചെറിയവന്റെ ഇന്നലെകളത്രേ വലുത്
ഓരോ ഇന്നലെകളിലും
സാഗരങ്ങൾ കരകളെത്തേടി തൊടുക്കും
തിരയും, നുരഞ്ഞു പൊങ്ങും പതയും
പിന്നെ
ഉള്ക്കടലിൻ നിഗൂഡമാം അഗാധത,
ഇരുട്ട്

ആരുമറിയാതെ പോകും അനാഥമാം
ഉപ്പും വിയര്പ്പും കുറുകിയ കഥകൾ

എനിക്ക് മുറിവേല്ക്കുന്നു
തൊലി പിളര്ന്നു കറ  പടരുന്നു
കഥ കേട്ട് കാലം വഴിമാറിയോഴുകുന്നു
ശിശിര തീക്ഷ്ണതയേറ്റു 
ഞാനിന്നിതാ നഗ്നനാകുന്നു

ജീവിതങ്ങളുടെ ഭാരം പേറി-
യിനിയൊരു വേനലിൽ ഞൻ മരിക്കും
എന്റെ കഥയും കവിതയും അനാഥമാകും
എങ്കിലും,ഞാൻമരിക്കട്ടെ
തണലും തണുപ്പും നല്കിയോരോർമ്മയിൽ
എനിക്ക് മോക്ഷത്തിൻ സംതൃപ്തി

അന്നും അനാഥമാകുമാ
കഥകളെയോര്ത്താണെന്റെ  ദുഃഖം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ