വഴികൾ
ചലനം,അയാൾ അതിനെക്കുറിച്ചു മാത്രം ചിന്തിക്കയായിരുന്നു.അനന്തവും,ജനനം നിർണ്ണയിക്കുവാൻ ആകാത്തതുമായ ചലനം,അതിന്റെ അദൃശ്യമായ താളം , അതിലേക്ക് വളരെപ്പെട്ടന്ന് അയാളുടെ ചിന്ത കടന്നുപോയി. എല്ലാത്തിനും അതിന്റെതായ താളമുണ്ട് പലപ്പോഴും നമ്മൾ അറിയുന്നില്ലെങ്കിലും ,പക്ഷെ എന്തുകൊണ്ട് നമ്മൾ അതറിയുന്നില്ല ? അല്ലെങ്കിൽ ചില കാര്യങ്ങൾ എന്ത്കൊണ്ട് താളമില്ലാതെ ക്രമങ്ങളില്ലാതെ തോന്നുന്നു എന്നത്തെല്ലാം കാലം എന്ന വാക്കിൽ തട്ടി നിന്ന് . കാലം എന്ന വാക്കിൽ .നമുക്കറിയാത്ത കാലങ്ങൾ , സമയത്തിന്റെയും സ്നേഹത്തിന്റെയും,ചുംബനങ്ങളുടെയും , നഷ്ട്ടങ്ങളുടയും ഒക്കെ കാലങ്ങൾ , അളവുകോലുകൾ ഇല്ലാത്ത കാലങ്ങൾ ,അവയെല്ലാം അറിയുന്നത് നാമനുഭവിക്കുന്ന സമയത്തിന്റെ അളവുകളിലൂടെയാണ് ..അളവുകൾ ... ശരിയും തെറ്റുമുൾപ്പടെ നാം മനുഷ്യർ ഉണ്ടാക്കിയ അളവുകളുടെ കൂമ്പാരങ്ങൾ. ഒരു കണ്ണീർത്തുള്ളിക്ക് മുൻപ് ,ഒരു വാക്കിനു മുൻപ് ,ഒരു കാറ്റിനു മുൻപ് എന്നൊന്നും അടയാളപ്പെടുത്തതാണ് കഴിയാതെ അക്കങ്ങളിൽ ഒതുങ്ങിയ കണക്കളവുകൾ. അക്കങ്ങളും ഉന്മാദിയായ ഭാവനകളും തമ്മിലുള്ള നീണ്ട പോരാട്ടത്തിനൊടുവിലാണ് അന്നെന്നോ ഇതുപോലൊരു ട്രയിൻ യാത്രക്കൊരുങ്ങിയത് ..അക്കങ്ങൾ നഷ്ട്ടപ്പെട്ടു ,കണ്ണീരിലും ,വിശപ്പിലും,നിസ്സഹായതയിലും സഹതാപത്തിലും ,ചിരിയിലും ,സ്നേഹത്തിലും ഒക്കെ മാത്രം അളക്കാൻ കഴിയുന്ന കുറേ കാലങ്ങൾ .കാലമാപിനികൾക്ക് നഷ്ട്ടപ്പെട്ടപോയ ഒരാളും അയാളുടെ കാലങ്ങളും.പിന്നെ എത്രയെത്ര പകലുകളും രാത്രികളും. .. അതിനൊക്കെ മുൻപ് നിന്നും ഒരു കാഴ്ച അയാളിലേക്ക് വന്നു
..കുന്നിൻ ചാരിവിലെ കാറ്റിൽ നിന്റെ മുടി എനിക്ക് വഴി കാട്ടുന്നുണ്ട് ..എങ്കിലും നീ ഏറെ മുന്നിൽ ..പുൽമേടിന്റയും,മഴമൂടിയ ആകാശത്തിന്റെയും,നനുത്ത കാറ്റിന്റെയും ആ വൈകുന്നേരത്ത് ഒരുപാട് മുന്നിലായിരുന്നു നീ ..
അയാൾ തന്റെ കയ്യിലിരുന്ന ആ ആൽബത്തിലേക്ക് കണ്ണോടിച്ചു , ഏതെല്ലാം നാടുകൾ ,വഴികൾ ,കാറ്റ് ,മണ്ണ് , മണ്ണിന്റെ നിറവും മണവുമായിരുന്നു നിനക്ക്. മഴച്ചാലുകളും,ഇലത്തുള്ളികളും നീണ്ട നീല ഞരംബുകളും,കണ്ണിൽ കടൽത്തിരകളും ഉള്ള നീ. ആൽബത്തിലെ ചിത്രങ്ങളലിൽ പല നാടുകളും കാലങ്ങളും നിറഞ്ഞു നിന്നു ,
"വെളിച്ചത്തിന്റെയും ,നിഴലുകളുടെയും യാത്രകൾ ,മഴയുടെയും തെരുവിന്റേയും ,കവിതയുടെയും കണ്ണീരിന്റെയും നിറവും മണവുമുള്ള യാത്രകൾ.സ്നേഹവും അങ്ങനെയാണ് ചിലപ്പോ ലക്ഷ്യങ്ങളില്ലാത്ത ഒരു പാത ,അകലെയും അരികെയും അറിയാത്ത കാഴ്ച , എന്നിരുന്നാൽ പോലും സ്നേഹം ദേശാടന കിളികൾ പോലെയാകണം ,ഋതുക്കളിൽ യാത്രകളും നാടുകളും തേടുമ്പോഴും തിരിച്ചുവരാൻ രണ്ടു ചുണ്ടുകൾ കാത്തിരിക്കുന്ന ഒരു സ്വപ്നമാകണം സ്നേഹം "
ആരോ അത് പറയുന്നതായി അയാൾക്ക് തോന്നി. അയാളുടെ കണ്ണുകളും ആ വാക്കുകൾ കേൾക്കുന്നണ്ടായിരുന്നു , കാണണോരത്ത് വെളിച്ചം പ്രതിഫലിച്ച് നിന്നു , അങ്ങനെ ആ ചിത്രങ്ങൾ അയാൾക്ക് വാക്കുകളുടെയും അടയാളങ്ങളുടെയും ഒരു ഓർമ്മപ്പുസ്തകം തോന്നി, " തന്റെ ക്യാമറ കയ്യിലെടുത്തയാൾ അതിലെ ചിത്രങ്ങളിലും കണ്ണോടിച്ചു ,ഏതോ ഒരു ഒറ്റമുറി സ്റ്റേഷൻ എത്തിയിരിക്കുന്നു ,പിഞ്ചിയ പച്ചക്കൊടി കാട്ടി ആ സ്റ്റേഷൻ മാസ്റ്റർ വെളുക്കെ ചിരിക്കുന്ന. പതിയെ നീങ്ങി തുടങ്ങി , തീവണ്ടി കടന്നെത്തിയ കാറ്റിൽ കണ്ണടയുമ്പോൾ അയാൾ അവളിലേക്കെത്തുകയായിരുന്നു ,മണ്ണിലൊഴുക്കുന്ന മഴവെള്ളം പോലെ അവൾ വഴികൾ തേടി പൊയ്ക്കൊണ്ടേയിരുന്നു, പാടുകളിൽ അയാൾ അവളെ തിരഞ്ഞുകൊണ്ടേയിരുന്നു
,ആരോ തട്ടിയതറിഞ്ഞാണ് അയാൾ കണ്ണ് തുറന്നത് ,ട്രെയിൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു ,ഇളകുന്ന വെയിൽചില്ലകൾക്കിടയിലൂടെ അയാൾ നടന്നു, സ്റ്റേഷന് മുന്നിൽ ഒരു ബസ് കാത്ത് നിൽക്കുന്നണ്ടായിരുന്നു ,അയാൾക്ക് കൃത്യമായി അറിയാം അതെങ്ങോട്ടാണ് പോകുന്നതെന്ന്. അവസാനത്തെ സീറ്റിൽ ജനലരികിൽ ,നാട്ടുവഴിയുടെ ഉലച്ചിലിനിടയിൽ അയാൾ ആകാശം കണ്ടു ,ചിറകുകളും ഉയരങ്ങളും കണ്ടു ,തെന്നിപ്പാഞ്ഞു പോകന്ന കാറ്റിൽ ഇലകളുടെ ആത്മഗതങ്ങൾ അയാൾ കേട്ടു.പോസ്റ്റ് ആപ്പീസും ,ഇടത് വശത്തെ ആമക്കുളവും കഴിഞ്ഞു ബസ് നീങ്ങി,,അതിലധികവും പതിവുകാരായിരുന്നെന്ന് അയാൾ കണ്ടു ടിക്കറ്റെടുക്കുമ്പോൾ കണ്ടക്ടർ പലരോടും ചിരിക്കുന്നണ്ടായിരുന്നു ,തല പിറകിലേക്കിട്ടും എത്തിവലിഞ്ഞു നോക്കിയും,പരിചിതരെപ്പോലെ അവർ പലർ പരസ്പരം സൊറ പറഞ്ഞുപോകന്നു, അർദ്ധം വക്കുന്ന ചിരികൾ ,അസൂയകൾ ,പരിഭ്രമങ്ങൾ,തോർന്ന മുടിയിഴകളുടെ മണം, കുറച്ച് നേരത്തേക്ക് മാത്രം അവിടെ നിലനിൽക്കുന്ന ഒരു പരിചയം ,പല പ്രായങ്ങളും പല നിലകളും ഒന്നാകുന്ന കുറച്ച് നേരം, ആ സമയം കണ്ടക്ടർ അയാളെ തന്നെ സൂക്ഷിച്ച് നോക്കി,
"ആരെന്ന് പറയണമായിരുന്നു? അവനു മുറിവേറ്റിരുന്നു ,തിരികെ നടക്കുമ്പോൾ അന്നോളം പരിചിതമല്ലാത്ത ഒരു ശൂന്യതയിലേക്ക് അവൻ വഴുതി ,ആരെന്ന് പറയണമായിരുന്നു? വീണ്ടും വീണ്ടും ശൂന്യത ഭേദിച്ച് ആ ചോദ്യം മുറിവിൽ കുത്തിക്കൊണ്ടേയിരുന്നു.എന്തെങ്കിലും ഒന്ന് പറയാമായിരുന്നു , എന്തെങ്കിലും"
ബസ് പക്തിയിലധികം കാലിയായിരുന്നു , അത് കഴിഞ്ഞേതോ ഏതോ ഒരു സ്റ്റോപ്പിൽ ആയാളും ഇറങ്ങി, അങ്ങാടിയിലെ കണ്ണുകൾ അയാളെ നോക്കി , തൊട്ടടുത്ത നിമിഷം അപരിചിതന് കൊടുക്കാവുന്ന നേരം അവസാനിപ്പിച്ചവ തിരികെ പോയി, അവിടെനിന്നും ,അയാൾ നടന്നു തുടങ്ങി, വഴി അയാൾക്കറിയാം , ഇടവഴികൾ തിരിയാതെ അയാൾ കുറെ ദൂരം നടന്നു അയാൾ, കോൺക്രീറ്റ് വിട്ട് മൺപാത കാണാറായി,ഒന്നാമത്തെ തിരിവിൽ അയാൾ തിരിഞ്ഞു , രാവിലെയായിരുന്നിട്ടും തൊലിപ്പുറത്ത് വിയർപ്പ് പൊടിയുന്നുണ്ടായിരുന്ന,വഴി അവസാനിച്ചു . ഇരുവശത്തുനിന്നും ത്രികോണം കണക്കെ ഉയർന്നൊന്നിക്കുന്ന മൺപടികൾ കയറി നടന്നയാൾ ഒരു വീട്ടിലെത്തി,വഴിയിലെ അവസാനത്തെ വീട്, പഴയ ഒരു കുഞ്ഞു വീട് , തടിജനാലകൾ ദ്രവിച്ച് തുടങ്ങിയിരിക്കുന്നു ,മങ്ങിയ ചായങ്ങൾ , കരിയിലകളും , അതിരുകളിൽ ചിതൽപ്പുറ്റുകളും നിറഞ്ഞു നിൽക്കുന്നു , കാലടികൾ പതിഞ്ഞ പാടുകളോ , ഏതെങ്കിലും വഴികളോ അയാളവിടെ കണ്ടില്ല,
വാതിലിനടുത്തെത്തി തന്റെ ബാഗിൽ നിന്നും അയാളൊരു താക്കോൽ പുറത്തെടുത്തു , തുരുമ്പിച്ചു പഴകിയ ഒരു താക്കോൽ, അയാളാ വാതിൽ തുറന്ന് അകത്തേക്ക് കയറി , പൊടി , തിങ്ങി നിൽക്കുന്ന കടുത്ത ഗന്ധം, ജനാലക്ക് സമീപം ഒരു തടിമേശ, തെല്ലകലെ ഓരത്തോട് ചേർന്ന് ഒരു കട്ടിൽ .. അയാൾ ജനാലകൾ തുറന്നു , വെളിച്ചം അവിടേക്കരിച്ചിറങ്ങി ,പൊടിപടലങ്ങൾ ആ വെളിച്ചത്തിൽ ഉഴറിമറിയുന്നത് അയാൾ നോക്കി നിന്നു, വെളിച്ചത്തിൽ അയാളുടെ മുഖം വലിഞ്ഞു മുറുകി ... ആ മേശപ്പുറത്ത് ഏതോക്കെയോ പുസ്തകങ്ങൾ അലഞ്ഞു കിടക്കുന്നു,അവിടെയിവിടെയായി മങ്ങി പൊടിയിൽ കുതിർന്ന ചില കടലാസുകൾ, അയാൾ തൂവാലകൊണ്ടോന്ന് തുടച്ച് ആ കട്ടിലിലിരുന്നു.അയാളുടെ കണ്ണുകളിൽ കാഴ്ച ഇരച്ചു കയറി .ഇപ്പോളയാൾക്കു മുന്നിൽ അവൾ ഇല്ല
, അയാൾ മാത്രം ,അപ്പോഴേക്കുമായാൾ താഴ്വാരം കടന്നു,മകളിലെത്തിയിരിക്കുന്നു,അവിടെ അയാൾക്ക് മുന്നിൽ ഈ ലോകമാകെ പടർന്നു കിടക്കുന്ന കനത്ത ശൂന്യത, തൊട്ടടുത്ത ചുവടിൽ മരണവും, പിറകിൽ നഷ്ടബോധവും അയാളെ കാത്തിരുന്ന. മങ്ങി മാഞ്ഞു പോകന്ന ആ കാഴ്ചച്ചയിൽ നിന്നും കണ്ണെടുക്കാനാകാതെ അയാൾ സൂക്ഷിച്ചു നോക്കി ,മറ്റൊന്നും കാണാനുണ്ടായിരുന്നില്ല . മുന്നിൽ ,കോടമഞ്ഞിറങ്ങുന്ന കുന്നിന്റെ അവ്യക്തത ,പിടിച്ചുനിർത്താൻ കൊതിച്ചിട്ടും മാഞ്ഞു പോകുന്ന സന്ധ്യ പോലെ ആഴം അയാളെ നോക്കി , അയാൾ ആഴത്തെയും... നിലക്കാത്ത തിരകളുടെ പ്രവാഹം പോലെ അയാൾ ആഴത്തെ നോക്കി , കാൽച്ചുവട്ടിൽ നിന്നും ഒരു ആഴത്തിലേക്കെറിഞ്ഞു , കാറ്റ് ശക്തമായിക്കൊണ്ടിരുന്നു .
കതകിലാരോ മുട്ടുന്ന ശബ്ദം , തെല്ലമ്പരപ്പും അങ്കലാപ്പുമോടെ അയാൾ കതകിനടത്തേക്ക് നടന്നു , അയാളുടെ പകുതിയോളം മാത്രം പ്രായം വരുന്ന ഒരു പയ്യൻ.
ഈ വീടിയാൾടെ ആണോ?അവൻ ചോദിച്ചു
അതേയെന്നയാൾ അമ്പരപ്പ് മാറാതെ മറുപടി കൊടുത്തു .
ബസ്സിറങ്ങന്നത് കണ്ടായിരുന്നു, ഇങ്ങോട്ട് തിരിയുന്നതും കണ്ടു , ഒരു പൊതിക്കെട്ട് അയ്യാളുടെ നേരെ നീട്ടിക്കൊണ്ട് ആ പയ്യൻ തുടർന്ന് , ഈ വീട് ഒരാൾ തുറക്കുമ്പോ അയാളുടെ കയ്യിൽ ഏൽപ്പിക്കണമെന്ന് പറഞ്ഞമ്മ ഏൽപ്പിച്ചതാ ഇത്, പോയേന്റെ തലേന്ന് .
അയാളത് വാങ്ങി.മറ്റൊന്നും പറയാതെ അവൻ തിരികെ നടന്നു,
മേശപ്പുറത്ത് വച്ച് അയാളെ കെട്ടഴിച്ചു കുറെയേറെ പഴയ കടലാസുകൾ , എഴുത്തുകൾ , പ്രണയ ലേഖനങ്ങൾ ,കവിതകൾ ,മങ്ങിയ മഷി, കെട്ടിപിണഞ്ഞു കിടക്കുന്ന അക്ഷരങ്ങൾ , അയാളതേതൊക്കെയോ വായിക്കാൻ തുടങ്ങി , ക്രമമില്ലാതെ ആർത്തിയോടെ അയാളത് നോക്കി , ഇടക്കെവിടെനിന്നോ കിട്ടിയ തുണ്ടുകടലാസ് പോലെ തോന്നിയ, അറ്റങ്ങൾ മുറിഞ്ഞു മങ്ങിയ ഒരു കടലാസ്സ് അയാൾ കയ്യിലെടുത്തു ,അക്ഷരങ്ങൾ പകുതി മാഞ്ഞെങ്കിലും അയാൾക്കത് വായിക്കാൻ കഴിഞ്ഞു ,
"വെളിച്ചത്തിന്റെയും ,നിഴലുകളുടെയും യാത്രകൾ ,മഴയുടെയും തെരുവിന്റേയും ,കവിതയുടെയും കണ്ണീരിന്റെയും നിറവും മണവുമുള്ള യാത്രകൾ.സ്നേഹവും അങ്ങനെയാണ് ചിലപ്പോ ലക്ഷ്യങ്ങളില്ലാത്ത ഒരു പാത ,അകലെയും അരികെയും അറിയാത്ത കാഴ്ച , എന്നിരുന്നാൽ പോലും സ്നേഹം ദേശാടന കിളികൾ പോലെയാകണം ,ഋതുക്കളിൽ യാത്രകളും നാടുകളും തേടുമ്പോഴും തിരിച്ചുവരാൻ രണ്ടു ചുണ്ടുകൾ കാത്തിരിക്കുന്ന ഒരു സ്വപ്നമാകണം സ്നേഹം "
നവനീത് ജോസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ