വലിയ ലോകങ്ങള്‍
കണ്ണാടിയിലേക്ക് നോക്കി,തെളിഞ്ഞു കണ്ട പൌഡര്‍ കൈകൊണ്ട് തൂത്ത് കളഞ്ഞ് അവന്‍ അവനെ തന്നെ ഒന്നൂടെ കണ്ടു,കൊള്ളാം,അമ്മ എപ്പോഴും പൌഡര്‍ ഇട്ടാലും ഇങ്ങനെയേ ഇടു, അവന്‍ വിളിച്ചു പറഞ്ഞുകൊണ്ട് മുഖം ഒന്നുകൂടെ തുടച്ചു,കറുത്ത മണ്ണില്‍ മഞ്ഞു പടര്‍ന്നു കിടക്കും പോലെ അവന്റെ മുഖത്ത് ഒരു ദിവസം തുടങ്ങുന്നതിന്റെ തെളിമ ഉണ്ടായിരുന്നു, വെളിയില്‍ ഒരു ഹോണ്‍ മുഴങ്ങി,അമ്മേ,ബസ് വന്നു,ഞാന്‍ പോകുവാ,അവനിറങ്ങുമ്പോള്‍,പിറകെ ഓടിവന്ന്‍ അമ്മ,അവന്റെ ബാഗില്‍ ചോറ്റുപാത്രം ഇട്ടുകൊടുക്കുകയും,സാരിത്തുമ്പ്കൊണ്ട് മുഖം തുടക്കുകയം ചെയ്തു,ഇനി വേണം അവര്‍ക്ക് പോകാനുള്ളത് ശരിയാക്കാന്‍,അവന്‍ വാതിലിനടുത്തേക്കെത്തുമ്പോള്‍ രവിമാമന്‍ വരുന്നത് കണ്ടു,തെല്ലു ഭയത്തോടെയും സന്തോഷത്തോടെയും അവന്‍ അയാളെ നോക്കി ചെറുതായോന്ന്‍ ചിരിച് അവന്റെ സ്കൂള്‍ ബാസ്സിലെക്കോടി,അയാളും ഒരു ചിരി തിരിച്ചു കൊടുത്തു .രവിയുടെ നരവീണ താടിയും,വെട്ടിയോതുക്കിയ മുടിയും അവന്റെ മനസ്സില്‍ കടുത്തു നിന്നു, വാതിലില്‍ നിന്നും രണ്ടു സീറ്റ് പിന്നോലോട്ടാണ് അവനിരിക്കുന്നത്,ആദിലിന്റെ വീടെത്തും വരെ അവനടുത്ത് ആരും ഇരിക്കാറില്ല,ആദിലാണ് ബസിലെ അവസാന സീറ്റുകാരന്‍,അതോടെ ബസ് നിറയും,തടിയനായ ആദില്‍ അപ്പോഴേക്കും വിയര്‍ത്തിട്ടുണ്ടാകും,കാറ്റിലെവിടെക്കെയോ ആ മണം അടുത്ത് ഒതുങ്ങി ഇരിക്കുന്ന അവനറിയും, "Old MacDonald had a farm ,Iyyaa Iyyaa Ooo" എല്ലാരും ബസ്സില്‍ ഒരുമിച്ച് പാടുകയാണ് ,അവനും കൂടെപ്പാടി, ഇടയിലെപ്പോഴോ രവിമാമന്റെ മുഖം പിന്നെയും ഓര്‍മ്മ വന്നു, രവിമാമനു പ്രാന്താന്നാ എല്ലാരും പറയണെ, എപ്പോഴും ചിരിക്കുന്ന രവിമാമന്‍,ചിരിക്കാത്ത രവിമാമനെ അവന്‍ അങ്ങനെ കണ്ടിട്ടേ ഇല്ല,പക്ഷെ പിന്നെ ചിലപ്പോ സംസാരിക്കുമ്പോ വല്ലാത്തൊരു ശാന്തതയും, രവിമാമാനു പ്രാന്താണ്, അമ്മ പറയണ കേട്ടു, രവി മാമന്‍ പറഞ്ഞത് അവനും കേട്ടിരുന്നു, ചേച്ചിയെ കാണാന്‍ ആരോ വരുന്നും ബഹളം ഒന്നും ഉണ്ടാക്കരുതെന്നും അമ്മ അവനോടു പറഞ്ഞിരുന്നു, രവിമാമനോടും അമ്മ അത് തന്നെ പറയുന്നത് കേട്ടു, ചിരി തന്നെ മറുപടി.പക്ഷെ ഒരാള്‍ മാത്രല്ല വന്നത്,അവര്‍ മൂന്നാലു പേര്‍ ഉണ്ടായിരന്നു, രവിമാമന്‍ അവരെ സ്വീകരിച് അകത്തിരുത്തുകയും പിന്നെ അവരടെ കൂടെ ഇരിക്കേം ചെയ്തു,കുറെ നേരം മിണ്ടീതെ ഇല്ല,പിന്നെ അവര്‍ ആരൊക്കെയോ സംസാരിച്ചോണ്ടിക്കുന്നെന്റെ ഇടയില്‍ കയറി എല്ലാരടേം പേരൊക്കെ ചോദിച്ചു, പിന്നെ അവനു മനസ്സിലാകാത്ത എന്തൊക്കെയോ പറയാനും തുടങ്ങി,അവനു മിക്കതും മനസ്സിലായില്ല, പക്ഷെ അമ്മയുടെ മുഖം ചുമക്കുന്നത് അവന്‍ കണ്ടു, രവി മാമന്‍ പറയുന്നത് അവന്‍ വീണ്ടും ശ്രദ്ധിക്കാന്‍ തുടങ്ങി, "ഏറ്റോം വല്യ ഫിലോസഫിക്കല്‍ ചോദ്യം എന്താന്നരിയ്വോ? " ഫിലോസഫിക്കല്‍ എന്നതെന്താന്ന്‍ അവനു മനസ്സിലായില്ല,"ഒഴിഞ്ഞ ബസ്സില്‍ ഏതു സീറ്റില്‍ ഇരിക്കണമെന്ന്" എല്ലാരും മുഖത്തോടു മുഖം നോക്കി, അതെന്താന്നരിയ്വോ? രവി തുടര്‍ന്നു മുന്നിലെ മിക്ക സീറ്റും പെണ്ണുങ്ങള്‍ക്കുള്ളതാ,രവി ആണായിട്ട് മാത്രമാണ് അവിടെ സംസാരിച്ചത്,മുന്നിലെ ഇടതു വശത്തോ, ഏതേലും പ്രായമുള്ള സ്ത്രീകളോ,കുഞ്ഞ്ങ്ങളുമായി ആരെലം വന്നാലോ എണീറ്റ് കൊടുക്കണം,അതിനും മുന്നിലെ ഒറ്റ സീറ്റ് കടുത്ത എകാന്തതുയെടെതാണ്, മാത്രമല്ല, ആ വണ്ടി ഓടിക്കുന്നത് കണ്ടിട്ട് തന്നെ ചിലപ്പോ പേടി ആകും,ഏറ്റോം ബാക്കിലേക്ക് പോയ, എന്തൊരു കുലുക്കമാ,പിന്നാകെ ഉള്ളത് നടുക്കത്തെ കുറച്ച് സീറ്റുകള്‍ മാത്രാ,അവ്ടിരുന്നാ പിന്നെ ബസില്‍ തിരക്ക് കൂടിയാലോ,പിന്നിറങ്ങാന്‍ പാട്,അതുമല്ല ഏതു വശത്താ വെയില് വരികയെന്ന്‍ പറയാനും പറ്റില്ല, അങ്ങനെ എവടെ നോക്കിയാലും മറ്റൊരു വശം,ചിലപ്പോ ചിന്തയുടെയും ചിലപ്പോ അനുഭവങ്ങളുടെയും ഓര്‍ വശം ഒരോ സീറ്റിനും ഒണ്ട്,ഇല്ലേ ?സ്പുടമായി പറഞ്ഞോണ്ടിരുന്ന അയാള്‍ തെല്ലു സംശയത്തോടെ ചോദിച്ചു. എല്ലാരും പിന്നേം അങ്ങോട്ടും ഇങ്ങോട്ടും നോക്കി,അമ്മയുടെ ചുണ്ട് വിറക്കുന്നുണ്ടായിരുന്നു.എല്ലാരും പോയി,അമ്മ പിന്നൊന്നും മിണ്ടിയില്ല,മുടിയാനായിട്ട് ,പിന്നെപ്പോഴോ അമ്മ പിറുപിറുക്കുന്നത് കേട്ടു, രവി മാമന്‍ എവ്ടോ പിന്നെ ഇറങ്ങി പോയി. ഈ ബസ്സില്‍ ഇരിക്ക്ന്നത് ഇത്ര വല്യ പ്രശ്നാണോ,അവന്‍ ചിന്തിച്ചു, എന്റെ ബസില്‍ അങ്ങനൊന്നും ഇല്ലാലോ,എല്ലാര്‍ക്കം സ്ഥിരം സീറ്റ് ആ, ഒരു പ്രശ്നോം ഇല്ല,ആര് കേറിയാലും ആരും എണീക്കാറം ഇല്ല, ബസിലെ വിമല ചേച്ചി വരെ നിന്നാ പോകുന്നെ.പക്ഷെ വെയില്‍!, രാവിലെയും വൈകുന്നേരോം രണ്ടിടത്താണ് എല്ലാരും ഇരിക്കുന്നത്,അതെന്താന്ന്‍ അവനും അറീല,അവന്റെ ഭാഗത്താണ് രണ്ടു നേരോം വെയില്‍, സീറ്റ് മാറിയിരിക്കാന്‍ പക്ഷെ ആരും സമ്മതിക്കില്ല ,അവനതില്‍ വിഷമം തോന്നി, പക്ഷെ പിന്നേം ആലോചിച്ചപ്പോ രവി മാമന്‍ ,മുന്‍ സീറ്റിനെ പറ്റി പറഞ്ഞതും ശരിയാന്ന്‍ തോന്നി അവനു, ഡ്രൈവര്‍ മാമന്റെ അടുത്തിരുന്നാല്‍ പേടിയാകും,ശരിയാ ,പക്ഷെ ഏകാന്തത എന്താന്ന്‍ അവന്‍ അറിയില്ല,രവി മാമന്‍ പറഞ്ഞത് ഇത്രെക്കെ ശരിയണേല്‍ പിന്നെന്തിനാ മാമന് പ്രാന്താന്ന്‍ പറയണേ? വല്യോര്‍ടെ കാര്യോന്നും ഇപ്പൊ അറിയാന്‍ പറ്റില്ല,അമ്മ എപ്പോഴോ പറഞ്ഞത് അവനോര്‍ത്തു ,ചിലപ്പോ ശരിയാരിക്കും,എന്നാലും എപ്പോഴും ചിരിക്കന്ന രവി മാമന് എന്തിനാ പ്രാന്താന്ന്‍ പറയണെ? ഒരു സ്വപ്നത്തിലെന്നപോലെ അവനിങ്ങനെ ആലോചിച്ചുകൊണ്ടിരുന്നു.രവിമാമന് പ്രാന്താണ്,പ്രാന്ത് ..എന്നെ ആരും ഇതുവരെ പ്രാന്തനെന്ന്‍ വിളിച്ചിട്ടില്ല.അവനതില്‍ സന്തോഷം തോന്നി,രവി മാമന്‍ പറഞ്ഞതെന്തോക്കെ ആണേലും പ്രാന്താണേല്‍ അതൊന്നും നല്ലതല്ല , അമ്മ പറഞ്ഞ് അവനു അത്രേം അറിയാം,ഒരു രൂപോം ഇല്ലാത്ത കാര്യങ്ങളാത്രേ അങ്ങനുള്ളോര്‍ പറയുന്നത്,രവി മാമന്‍ ശരി അല്ല,അമ്മ ശരിയാണ്,അമ്മ മാത്രല്ല ,എല്ലാരും അങ്ങനാ പറയാറ്,അപ്പോപ്പിന്നെ അതുതന്നെ,രവി മാമന് ശരിക്കും പ്രാന്താ ,എല്ലാരും അങ്ങനെ തെറ്റില്ലല്ലോ,ബസ് സ്കൂളില്‍ എത്താറായി,ആദില്‍ ഒന്നുടെ അകത്തേക്കിരുന്നപ്പോ അവന്‍ തീര്‍ത്തും ഒതുങ്ങിപ്പോയി,തിരിച്ച് തല്ലുവാന്‍ അവനു ശക്തി പോര,ശക്തി വേണം.ആദിലിനു അതുണ്ട്,മറ്റു പലര്‍ക്കും അതുണ്ട്,ക്ലാസ്സിലെ സുജിത്തിന്,വിമലിന്,തോമസിനെ പന്ജ്പിടിച് (arm wrestling) തോപ്പിക്കാന്‍ ആര്‍ക്കും ആകില്ല,ഇതൊക്കെ ഓര്‍ത്തുകൊണ്ട് അവന്‍ നടന്നു, അവന്റെ മനസ്സ് പതറുന്നുണ്ടായിരുന്നു,ശക്തി വേണം ,ശക്തി വേണം ,അവന്‍ വീണ്ടും വീണ്ടും മനസ്സില്‍ പറഞ്ഞു, ക്ലാസ്സിലേക്ക് കാല്‍ വച്ചതും സുജിത്തും,വിമലും,ഇത്തിരിപ്പോന്ന വിനുമോനും എല്ലാരും ഒരുമിച്ചു വിളിച്ചു, പാണ്ടീ,കറുപ്പാണ്ടീ..!
നവനീത് ജോസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ