2013, മാർച്ച് 15, വെള്ളിയാഴ്‌ച


കവിത-3
നവനീത്

ഞാനറിയുന്നുണ്ട്
കൈവിരല്‍ത്തുമ്പിലെ നീര്‍മണി പോലെ
നിങ്ങള്‍ ഊര്ന്നുപോകുന്നത്

വിഹ്വലതകള്‍ ഒപ്പിയെടുത്ത വാക്കുകള്‍
നിശബ്ദതയുടെ നിതാന്തസൌന്ദര്യം തേടുന്നത്
ഹരിത വര്‍ണ്ണത്തിന്‍ തുടിപ്പുകള്‍ തുളുംബിയ നോക്കുകള്‍
ചുരങ്ങള്‍ കീഴടക്കി കടന്നുപോകുന്നത്
അവസാനത്തെ ചില്ലിയും പെറുക്കി നല്‍കിയ
സ്നേഹത്തിന്‍ ചില്ലറത്തുട്ടുകള്‍ ഉരുകിയമരുന്നത്
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുനിന്നുമറിഞ്ഞ
സൌഹൃദത്തിന്‍  ഹൃദയത്തുടിപ്പുകള്‍ തെറ്റുന്നത്
വഴിവിളക്കുകള്‍ ചിമ്മിയണഞ്ഞ  അമാവാസിയുടെ
ആത്മരേണുക്കള്‍ പടരുന്ന സന്ധ്യയില്‍
മിന്നാമിനുങ്ങുകള്‍ ഏത്താതിരുന്നത്
കര്മ്മപാതയില്‍ മുള്ളുകള്‍ മുറിവേല്‍പ്പിച്ച
മാത്രയില്‍ കാത്തിരുന്നെന്റെ  ചോര കട്ടിയാകുന്നത്
കണ്ണുകള്‍ കുട്ടിമുട്ടുന്ന ഇന്നിന്റെ നിമിഷങ്ങളില്‍ നിന്നും
അരുണരക്താണുക്കള്‍  ചത്തുവീഴുന്നത്

ഇനിയും ഉണരാത്ത പകലുകളില്‍
ഇനിയും ഉറങ്ങാത്ത രാത്രികളില്‍
ഓര്‍മ്മകള്‍ക്ക് വേരുപിടിക്കുന്നത്

ഇനി മുന്തിരിപാത്രത്തിലെ അവസാനത്തെ തുള്ളിയും
നിങ്ങള്‍ കുടിച്ചുവറ്റുന്ന  നിമിഷത്തില്‍ നിങ്ങള്‍ക്കായി
അവിടെയെന്റെ  കവിത തെളിയും
അത് നിങ്ങളുടെ മുഖത്ത് തുപ്പുമ്പോള്‍
ഞാന്‍ ഉണരാത്ത ഉറക്കത്തിലേക്കു
വഴുതിവീണിട്ടുണ്ടാകും......
പറയാത്ത വാക്കുകള്‍ക്കും
പൊഴിയാത്ത കണ്ണുനീരിനും നന്ദി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ